---
title: "ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം; സർക്കാർ അപ്പീൽ നൽകണം: എം വി ജയരാജൻ"
english_title: "Dhanaraj Murder Case MV Jayarajan Government Appeal CPI M Kannur RSS Accused 17 Acquitted Court Verdict"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392846/dhanaraj-murder-case-mv-jayarajan-government-appeal-kannur"
published_at: "2026-11-23T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03fec2758f5_1000248322.jpg"
keywords: ["Dhanaraj murder case", "MV Jayarajan appeal government", "RSS Dhanaraj murder case"]
---

# ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം; സർക്കാർ അപ്പീൽ നൽകണം: എം വി ജയരാജൻ

> **Lead Summary:** **കണ്ണൂർ: **ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും കേസിൽ സർക്കാർ അപ്പീൽ നൽകണമെന്നും സിപിഐഎം നേതാവ് എം വി ജയരാജൻ. ധനരാജിനെ കൊലപ്പെടുത്തിയ മുഖ്യപ്രതികൾ മൂന്ന് പേർ കുറ്റക്കാരാണ് കണ്ടെത്തി.

## Article Content

**കണ്ണൂർ: **ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും കേസിൽ സർക്കാർ അപ്പീൽ നൽകണമെന്നും സിപിഐഎം നേതാവ് എം വി ജയരാജൻ. ധനരാജിനെ കൊലപ്പെടുത്തിയ മുഖ്യപ്രതികൾ മൂന്ന് പേർ കുറ്റക്കാരാണ് കണ്ടെത്തി.

ആർഎസ്എസുകാരാണ് കൊലപ്പെടുത്തിയത് എന്ന് തെളിഞ്ഞുവെന്നാണ് പ്രാഥമികമായി പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. 17 പേരെ വെറുതെ വിട്ടുവെന്നാണ് മനസിലാകുന്നത്. അത് സംബന്ധിച്ച് സർക്കാർ അപ്പീൽ പോകണം.

ക്രൂരമായ കൊലപാതകമായിരുന്നു അന്ന് നടന്നത്. വീട്ടിന് മുന്നിൽ വച്ചായിരുന്നു കൊലപാതകം. കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം – അദ്ദേഹം പറഞ്ഞു.

സെഷൻസ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയിൽ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോൾ അപ്പീൽ കൊടുക്കാവുന്നതാണ്. അത് സർക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രൂരമായ കൊലപാതകമെന്ന് കോടതി വിലയിരുത്തി. ഫോട്ടോസ് കൂടി കാണിച്ചാണ് ജഡ്ജ് ക്രൂരതകൾ വിവരിച്ചത്. സ്വന്തം വീട്ടിൽ വെച്ചാണ് മാരകയുധങ്ങളുമായി ധനരാജിനെ കൊന്നത്. രക്തം തെറിച്ചത് മൂന്ന് വയസുകാരനായ മകൻ ഉറങ്ങുന്ന മുറിയുടെ ചുമരിലേക്കാണ്. 37 മുറിവുകളാണ് ശരീരത്തിൽ ഉണ്ടായത്.

ഇറച്ചിവെട്ടുന്ന കടയിൽ പോലും ഇങ്ങനെ ഉണ്ടാകില്ല. കൊല്ലാൻ ഒരു വെട്ട് മതിയല്ലോ. മോഷണമോ, പിടിച്ചുപറിയോ അല്ല. കണ്ണൂരിന്റെ ഭൂമിയിലാണ് കൊലപാതകം നടന്നത് – കോടതി നിരീക്ഷിച്ചു. ഇതിനിടെ, ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ തർക്കവുമുണ്ടായി. ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, അപൂർവങ്ങളിൽ അപൂർവമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. വധശിക്ഷ ഉണ്ടാകില്ല. എന്നാൽ, ശിക്ഷയിൽ മറ്റ് ദാക്ഷിണ്യങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല – കോടതി ചൂണ്ടിക്കാട്ടി. കേസിൽ ശിക്ഷ മറ്റന്നാൾ വിധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392846/dhanaraj-murder-case-mv-jayarajan-government-appeal-kannur)