---
title: "നെടുമ്പാശേരി മിനി കൂപ്പർ അപകട കേസിൽ മുഖ്യ പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്"
english_title: "Nedumbassery Mini Cooper Accident Excise Arrest Suhail Sajeev Underage Drinking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392975/nedumbassery-mini-cooper-accident-excise-arrest-suhail-sajeev-underage-drinking"
published_at: "2026-11-24T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0535b491dbb_1000411696.jpg"
keywords: ["Nedumbassery", "Mini Cooper Accident", "Suhail Sajeev", "Excise"]
---

# നെടുമ്പാശേരി മിനി കൂപ്പർ അപകട കേസിൽ മുഖ്യ പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്

> **Lead Summary:** **കൊച്ചി**: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസിന് താഴെയുള്ളയാൾ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.

## Article Content

**കൊച്ചി**: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസിന് താഴെയുള്ളയാൾ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.

ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സുഹൈൽ എക്സൈസ് ഓഫീസിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അബ്കാരി ആക്റ്റ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറിൽ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ ബിൽ സുഹൈലിന് വന്നിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘം ശേഖരിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് 36 ദിവസങ്ങൾക്ക് ശേഷം കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്ന് സുഹൈൽ സജീവ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് സുഹൈൽ എക്സൈസിന് മുന്നിൽ ഹാജരായത്.

ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശേരി എയർപോർട്ട് റോഡിലുണ്ടായ അപകടത്തിലാണ് മൂന്ന് പേർ മരിച്ചത്. സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. സുഹൈലിനെതിരെ നരഹത്യാ കുറ്റവും ഒപ്പം ഉണ്ടായിരുന്ന മറ്റു മൂന്നുപേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392975/nedumbassery-mini-cooper-accident-excise-arrest-suhail-sajeev-underage-drinking)