---
title: "ചാണ്ടി ഉമ്മൻ രാജ്‌മോഹൻ ഉണ്ണിത്താനൊപ്പം; ഷാഫി പറമ്പിലിന് പിന്തുണയുമായി പി സി വിഷ്ണുനാഥ്, കോൺഗ്രസിൽ പരസ്യപ്പോര് മുറുകുന്നു"
english_title: "Chandy Oommen Supports Rajmohan Unnithan PC Vishnunath Supports Shafi Parambil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392992/chandy-oommen-rajmohan-unnithan-pc-vishnunath-shafi-parambil-congress-fight"
published_at: "2026-11-24T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0552db5ba85_1000248523.jpg"
keywords: ["Chandy Oommen", "Rajmohan Unnithan support"]
---

# ചാണ്ടി ഉമ്മൻ രാജ്‌മോഹൻ ഉണ്ണിത്താനൊപ്പം; ഷാഫി പറമ്പിലിന് പിന്തുണയുമായി പി സി വിഷ്ണുനാഥ്, കോൺഗ്രസിൽ പരസ്യപ്പോര് മുറുകുന്നു

> **Lead Summary:** **തിരുവനന്തപുരം: **രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎയും ഷാഫി പറമ്പിലിന് പിന്തുണയുമായി മന്ത്രി പി സി വിഷ്ണുനാഥും രംഗത്തെത്തിയതോടെ കോൺഗ്രസിലെ പരസ്യപ്പോര് മുറുകുന്നു.

## Article Content

**തിരുവനന്തപുരം: **രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎയും ഷാഫി പറമ്പിലിന് പിന്തുണയുമായി മന്ത്രി പി സി വിഷ്ണുനാഥും രംഗത്തെത്തിയതോടെ കോൺഗ്രസിലെ പരസ്യപ്പോര് മുറുകുന്നു.

രാജ്‌മോഹൻ ഉണ്ണിത്താൻ തങ്ങളുടെ കുടുംബത്തെ സംരക്ഷിച്ച വ്യക്തിയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിക്കുവേണ്ടി പരസ്യമായി പോരാടിയ നേതാവാണ് ഉണ്ണിത്താനെന്നും അദ്ദേഹം വ്യക്തമാക്കി. ഉണ്ണിത്താൻ കുടുംബത്തിന് നൽകിയ പിന്തുണയെ ചാണ്ടി ഉമ്മൻ പരാമർശിച്ചു.

അതേസമയം, ഉമ്മൻചാണ്ടിയുടെ അവസാന കാലഘട്ടത്തിൽ ചിലർ അദ്ദേഹത്തെ കൈവിട്ടെന്നും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. ഓരോരുത്തരും ആ സമയത്ത് വഹിച്ച പങ്ക് സ്വന്തം മനസാക്ഷിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്ന് ചിലർ എന്തെങ്കിലും നേട്ടം ലഭിക്കുമോ എന്ന് നോക്കിയിരുന്നുവെന്നും എന്നാൽ അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ആ വ്യക്തികൾ ആരാണെന്ന് വരുംകാലത്ത് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഷാഫി പറമ്പിലിനെ പിന്തുണച്ച് മന്ത്രി പി സി വിഷ്ണുനാഥ് രംഗത്തെത്തി. കോളേജ് പഠനകാലം മുതൽ ഷാഫിയെ അറിയാമെന്നും അദ്ദേഹത്തിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും കേരളത്തിലെ ജനങ്ങൾക്ക് പരിചിതമാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ നിർവഹിക്കുന്ന നേതാവാണ് ഷാഫിയെന്നും അടിമുടി പാർട്ടിക്കാരനാണെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ഷാഫിയാണെങ്കിൽ ഇതുപോലെ പരസ്യമായി മറുപടി പറയില്ലെന്നും പറയുന്നതെല്ലാം പാർട്ടിക്കുള്ളിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന് പറഞ്ഞാൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉമ്മൻചാണ്ടിയിൽ നിന്നാണ് എ ഗ്രൂപ്പ് രൂപപ്പെട്ടതെന്നും ഉമ്മൻചാണ്ടി രാഷ്ട്രീയമായി ആക്രമിക്കപ്പെട്ട സമയത്ത് അദ്ദേഹത്തിനൊപ്പം നിൽക്കാൻ പലരും തയ്യാറായില്ലെന്നും ഉണ്ണിത്താൻ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392992/chandy-oommen-rajmohan-unnithan-pc-vishnunath-shafi-parambil-congress-fight)