---
title: "വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് 50 ലക്ഷം രൂപയുടെ മരണാനന്തര ധനസഹായ വിതരണം നവം :26 ന് തളിപ്പറമ്പിൽ"
english_title: "Vyapari Mitra Charitable Trust 50 Lakh Death Benefit Distribution Taliparamba Nov 26 VKC Mammed Koya PM Sugunan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392998/vyapari-mitra-charitable-trust-50-lakh-death-benefit-taliparamba-nov-26"
published_at: "2026-11-24T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b055eab8ce48_1000248548.jpg"
keywords: ["Vyapari Mitra Charitable Trust", "Vyapari Mitra 50 lakh distribution", "Taliparamba"]
---

# വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് 50 ലക്ഷം രൂപയുടെ മരണാനന്തര ധനസഹായ വിതരണം നവം :26 ന് തളിപ്പറമ്പിൽ

> **Lead Summary:** **കണ്ണൂർ: **വ്യാപാരി വ്യവസായി സമിതിയുടെ കണ്ണൂർ ജില്ല ഘടകം ആരംഭിച്ച സംസ്ഥാന വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളുടെ കുടുംബങ്ങൾക്ക് മരണാനന്തര ധനസഹായമായി 50 ലക്ഷം രൂപയുടെ ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം നവം 26 ന് തളിപ്പറമ്പിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി. കെ. സി. മമ്മദ്കോയ നിർവ്വഹിക്കുമെന്ന് ചെയർമാൻ പി എം സുഗുണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **വ്യാപാരി വ്യവസായി സമിതിയുടെ കണ്ണൂർ ജില്ല ഘടകം ആരംഭിച്ച സംസ്ഥാന വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളുടെ കുടുംബങ്ങൾക്ക് മരണാനന്തര ധനസഹായമായി 50 ലക്ഷം രൂപയുടെ ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം നവം 26 ന് തളിപ്പറമ്പിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി. കെ. സി. മമ്മദ്കോയ നിർവ്വഹിക്കുമെന്ന് ചെയർമാൻ പി എം സുഗുണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

അഞ്ചു ലക്ഷം രൂപ വീതം പത്ത് കുടുംബങ്ങൾക്കായി 50 ലക്ഷം രൂപയുടെ ധന സഹായമാണ് കൈ മാറുന്നത്. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ വൈകുന്നേരം മൂന്നു മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.

പദ്ധതി ആരംഭിച്ചതുമുതൽ നാളിതുവരെ 355 വ്യാപാരി കുടുംബങ്ങൾക്ക് മരണാനന്തര സഹായവും ആയിരത്തോളം വ്യാപാരി കുടുംബങ്ങൾക്ക് ചികിത്സാ സഹായവും ഉൾപ്പെടെ വിപുലമായ ജീവകാരുണ്യ പ്രവർത്തനമാണ് സംഘടന നടത്തിയിട്ടുള്ളതെന്ന് സുഗുണൻ പറഞ്ഞു.

കരൾമാറ്റി വെക്കുന്നതിനും വൃക്ക മാറ്റി വെക്കുന്നതിനും സഹായവും ക്യാൻസർ ആഞ്ജിയോപ്ലാസ്റ്റി ബൈപാസ് സർജറി എന്നീ രോഗം ബാധിച്ച അംഗങ്ങൾക്ക് സാമ്പത്തിക സഹായവും, ഡയാലിസിസ് ചെയ്യുന്ന അംഗങ്ങൾക്ക് പ്രതിമാസ സഹായ പദ്ധതിയും മരണപ്പെട്ട മിത്ര അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും ആശുപത്രി ബില്ലുകളിൽ ഇളവും ഉൾപ്പെടെയുള്ള പദ്ധതികളാണ് ഇപ്പോൾ നടന്ന് വരുന്നത്.

മരണാനന്തര ആനുകൂല്യം ആദ്യ വർഷം 3 ലക്ഷം രൂപയെന്നത് 4 ലക്ഷമായും ഇപ്പോൾ 5 ലക്ഷവുമായാണ് നൽകി വരുന്നത്. 2027 ജനുവരി മുതൽ 5 ലക്ഷത്തിൽ നിന്ന് 6 ലക്ഷമായി വർധിപ്പിക്കുന്നതിനും പക്ഷാഘാതം സംഭവിച്ച അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും തീരുമാനിച്ച പ്രഖ്യാപനം കൂടി ചടങ്ങിൽ വെച്ച് നടക്കും.

ഒരു വ്യാപാരിയുടെ വേർപാടിൽ സാമ്പത്തികമായി പ്രതിസന്ധിയിലാകുന്ന കുടുംബങ്ങൾക്ക് സഹായം നൽകുക മാത്രമല്ല, അവരുടെ ദുഃഖത്തിലും പ്രതിസന്ധിയിലും സംഘടന കൂടെയുണ്ടെന്ന ഉറപ്പുനൽകുക കൂടിയാണ് വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ ലക്ഷ്യം. 355 കുടുംബങ്ങൾക്ക് 10 കോടിയോളം രൂപയുടെ മരണാനന്തര സഹായം നൽകിക്കഴിഞ്ഞു.

പത്രസമ്മേളനത്തിൽ കൺവീനർ കെ.വി. ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻമാരായ പി. വിജയൻ, എം.എ ഹമീദ് ഹാജി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392998/vyapari-mitra-charitable-trust-50-lakh-death-benefit-taliparamba-nov-26)