---
title: "മെർക്കുറിയുടെ അളവ് കൂടുതൽ: ഫൈസ, ഗോറി ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്"
english_title: "Mercury High Faiza Goree Face Creams Do Not Use Drugs Control Warning Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393255/mercury-high-faiza-goree-face-creams-do-not-use-drugs-control-warning-kerala"
published_at: "2026-11-26T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07bc44a8f6e_1000415351.jpg"
keywords: ["Faiza", "Goree", "Face Cream", "Mercury", "Drugs Control"]
---

# മെർക്കുറിയുടെ അളവ് കൂടുതൽ: ഫൈസ, ഗോറി ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

> **Lead Summary:** തിരുവനന്തപുരം: ഫൈസ, ഗോറി എന്നീ ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നൽകി ഡ്രഗ്സ് കൺട്രോൾ വകുപ്പ്. പാകിസ്താൻ നിർമ്മിത ഫെയ്സ് ക്രീമുകളിൽ മെർക്കുറിയുടെ സാന്നിധ്യം അധികമാണെന്നാണ് കണ്ടെത്തൽ. ഈ ക്രീമുകളുടെ വിൽപ്പന നിരോധിക്കണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: ഫൈസ, ഗോറി എന്നീ ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നൽകി ഡ്രഗ്സ് കൺട്രോൾ വകുപ്പ്. പാകിസ്താൻ നിർമ്മിത ഫെയ്സ് ക്രീമുകളിൽ മെർക്കുറിയുടെ സാന്നിധ്യം അധികമാണെന്നാണ് കണ്ടെത്തൽ. ഈ ക്രീമുകളുടെ വിൽപ്പന നിരോധിക്കണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.

അതിനിടെ വൃക്ക രോഗത്തിന് കാരണമായ എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഡ്രഗ്സ് കൺട്രോൾ വകുപ്പും പൊലീസും സംയുക്തമായി കാസർകോട്ടെ വിവിധ മേഖലകളിൽ പരിശോധന നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.

കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ നിർബന്ധമായും ബില്ല് ചോദിച്ചു വാങ്ങണമെന്നും നിർദ്ദേശമുണ്ട്. പർച്ചേസ് ബില്ലുകൾ ഇല്ലാതെ വ്യാപാരികൾ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കാൻ പാടില്ല.

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ കണ്ടെത്താൻ ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. തൃശ്ശൂരിൽ 18000 രൂപ വിലവരുന്ന വ്യാജ ഹെയർ ഡൈകളും മലപ്പുറം തിരൂരിൽ 80000 രൂപ വിലവരുന്ന വ്യാജ കോസ്മെറ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.

മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിനിയുടെ വൃക്ക തകരാറിലായ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് പരിശോധനകൾ വ്യാപിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393255/mercury-high-faiza-goree-face-creams-do-not-use-drugs-control-warning-kerala)