---
title: "ടി.ഐ. മധുസൂദനനെ അറസ്റ്റ് ചെയ്യണം; പ്രസംഗം കലാപാഹ്വാനം : കെ.കെ. വിനോദ്കുമാർ"
english_title: "Arrest TI Madhusoodanan Speech Incitement KK Vinodkumar BJP Kannur North Payyannur Dhanaraj Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393299/arrest-ti-madhusoodanan-speech-incitement-kk-vinodkumar-bjp-kannur-payyannur"
published_at: "2026-11-26T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07fd6fbf00e_1000249016.jpg"
keywords: ["arrest demand", "Madhusoodanan speech", "Payyannur Dhanaraj case"]
---

# ടി.ഐ. മധുസൂദനനെ അറസ്റ്റ് ചെയ്യണം; പ്രസംഗം കലാപാഹ്വാനം : കെ.കെ. വിനോദ്കുമാർ

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ പ്രസംഗം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ പ്രസംഗം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ ആവശ്യപ്പെട്ടു.

കോടതിവിധിയെയും നിയമവാഴ്ചയെയും മാനിക്കാത്ത നിലപാടാണ് ടി.ഐ. മധുസൂദനൻ സ്വീകരിക്കുന്നതെന്ന് വിനോദ്കുമാർ ആരോപിച്ചു. ധനരാജ് വധക്കേസിൽ കോടതി വെറുതെ വിട്ടവർക്കെതിരെ ഭീഷണി മുഴക്കിയത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പന്ത്രണ്ടാം പ്രതിയെ സിപിഎം വകവരുത്തിയതാണെന്ന് ആരോപിച്ച അദ്ദേഹം, കേസിന്റെ അന്വേഷണവും മറ്റ് നടപടികളും പൂർത്തിയാക്കിയത് സിപിഎം ഭരണകാലത്താണെന്നും ചൂണ്ടിക്കാട്ടി. കോടതി വെറുതെ വിട്ടവർക്കെതിരായ ഭീഷണി സിപിഎമ്മിന്റെ അറിവോടെയാണെന്നും ജില്ലാ സെക്രട്ടറിയുടെ പ്രതികരണം ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിലെ ഗ്രൂപ്പ് വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പാർട്ടി വൈരാഗ്യമാണ് അക്രമങ്ങൾക്ക് പിന്നിലെന്നും വിനോദ്കുമാർ പറഞ്ഞു. ധനരാജിന് പാർട്ടി അംഗത്വമുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

ബിജെപി നേതാക്കൾക്കെതിരായ ഭീഷണികൾ വകവെക്കില്ലെന്നും ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ പ്രവർത്തനത്തിന് ഭൂഷണമാണോയെന്ന് സിപിഎം നേതൃത്വം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടി.ഐ. മധുസൂദനൻ നടത്തിയത് കലാപാഹ്വാനമാണെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷമുണ്ടാകണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും കെ.കെ. വിനോദ്കുമാർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393299/arrest-ti-madhusoodanan-speech-incitement-kk-vinodkumar-bjp-kannur-payyannur)