---
title: "ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി"
english_title: "Chakkakomban Elephant Capture PIL Dismissed Kerala High Court Idukki Forest Department Mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393441/chakkakomban-elephant-capture-pil-dismissed-kerala-high-court-idukki"
published_at: "2026-11-27T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b094fe2a8955_1000249217.jpg"
keywords: ["Chakkakomban", "Chakkakomban capture"]
---

# ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

> **Lead Summary:** **ഇടുക്കി : **ഇടുക്കിയിലെ ‘ചക്കക്കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി.

## Article Content

**ഇടുക്കി : **ഇടുക്കിയിലെ ‘ചക്കക്കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി.

യഥാർത്ഥ പൊതുതാൽപര്യത്തിനാണോ അതോ പ്രശസ്തിക്ക് വേണ്ടിയാണോ ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു.

ഹർജിക്കാരന്റെ വിശ്വാസ്യത അത്യന്തം സംശയാസ്പദമാണെന്ന് വ്യക്തമാക്കിയ കോടതി, പത്ര-ദൃശ്യ മാധ്യമങ്ങളിൽ അൽപനേരത്തെ പ്രശസ്തി നേടുന്നതിനായി നടത്തിയ നീക്കമാണിതെന്നും നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ബെഞ്ചാണ് പ്രിൻസ് ചാക്കോ സമർപ്പിച്ച ഹർജി പരിഗണിച്ചത്.

ആനയെ മയക്കുവെടി വെക്കുന്നതും പിടികൂടുന്നതും സ്ഥലം മാറ്റുന്നതും തടയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

കൂടാതെ ആനത്താരകളെയും ആവാസവ്യവസ്ഥയെയും കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും, റേഡിയോ കോളർ ഘടിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും, ചിന്നക്കനാലിലെയും സമീപ പ്രദേശങ്ങളിലെയും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393441/chakkakomban-elephant-capture-pil-dismissed-kerala-high-court-idukki)