കൊച്ചി: എറണാകുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. കുഞ്ഞിനെ ചാലക്കുടി പുഴയിലേക്കെറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉച്ചയ്ക്ക് 12.15ഓടെയാണ് പ്രതിയായ അമ്മയെ പാലത്തിന് സമീപമെത്തിച്ചത്. തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോള്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്.
പോക്സോ കേസ് അടക്കം ഉള്‍പ്പെട്ടിട്ടുള്ളതിനാൽ പ്രതിയുടെ മുഖം മറച്ചാണ് പൊലീസ് കൊണ്ടുവന്നത്. ഇത് കണക്കിലെടുക്കാതെ നാട്ടുകാര്‍ അവരുടെ മുഖം കാണിക്കണമെന്നടക്കം ആവശ്യപ്പെട്ട് രോഷാകുലരായി. നാട്ടുകാരുടെ പ്രതിഷേധമടക്കം കണക്കിലെടുത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചുപോവുകയായിരുന്നു. പാലത്തിന്‍റെ ഏതുഭാഗത്തുനിന്നാണ് കുഞ്ഞിനെ എറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങള്‍ പ്രതി കാണിച്ചുകൊടുത്തു. യാതൊരു ഭാവഭേദവുമില്ലാതെയാണ് അവര്‍ വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.അവളെ മുന്നിൽ കിട്ടിയിരുന്നെങ്കിൽ അടിച്ചുശരിയാക്കുമായിരുന്നുവെന്നും ചവിട്ടിക്കൂട്ടുമെന്നൊക്കെ നാട്ടുകാര്‍ രോഷത്തോടെ പറഞ്ഞു. പാലത്തിന്‍റെ മധ്യഭാഗത്ത് വെച്ചാണ് കുട്ടിയെ താഴെ പുഴയിലേക്ക് ഇട്ടതെന്നാണ് സ്ത്രീയുടെ മൊഴി. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
അതേസമയം, എറണാകുളത്തെ നാലുവയസുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും സംബന്ധിച്ച കേസിൽ അമ്മയെ ഇന്ന് പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ചെങ്ങമനാട് പൊലീസാണ് അമ്മയെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. നാലുവയസുളള കുഞ്ഞിനെ അമ്മ എന്തിനാണ് കൊലപ്പെടുത്തിയത്, പെട്ടെന്നുളള പ്രേരണയെന്ത്, കുട്ടി ബലാൽസംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്. ബലാത്സംഗക്കേസിൽ അറസ്റ്റിലായ കുട്ടിയുടെ പിതൃ സഹോദരനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.
കുഞ്ഞിന്റെ പോസ്റ്റുമോർട്ടത്തിലായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വർഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുൻപാണ് പെൺകുഞ്ഞിന്റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കുഞ്ഞ് മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര ബലാൽസംഗത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ കണ്ടെത്തി.
ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും ഇരയാക്കി. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ബന്ധുക്കളിലേക്ക് നീങ്ങിയത്. കുഞ്ഞിന്റെ സംസ്കാരം പൂർത്തിയായ അന്ന് രാത്രി തന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു.
അടുത്ത ബന്ധുവിലേക്ക് സംശയങ്ങൾ നീളുന്നതായിരുന്നു പലരുടെയും മൊഴി. ഒരു തവണ ചോദ്യം ചെയ്ത് ഇയാളെ വിട്ടയച്ചു. മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി വിശദമായി ചോദ്യംചെയ്തു. തെളിവുകൾ നിരത്തിയോടെ ഒടുവിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞാണ് പ്രതി പൊട്ടിക്കരഞ്ഞത്. കൊല്ലപ്പെട്ട അന്ന് രാവിലെയും പ്രതി കുഞ്ഞിനെ ബലാത്സംഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. പോക്‌സോ കേസിൽ ബലാത്സംഗം, അടുത്ത ബന്ധുവിൽ നിന്ന് നേരിടുന്ന ലൈംഗിക ചൂഷണത്തിന് ചേർക്കുന്ന വകുപ്പ് എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ വീട്ടിൽ ഫോറൻസിക്ക് സംഘം പരിശോധനയും പൂർത്തിയാക്കി.
Sandyacase