കൊട്ടിയൂർ: കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിൽ വീണ്ടും മണ്ണിടിച്ചൽ. ഇന്നലെയും ഇന്ന് രാവിലെയുമായി മണ്ണിടിച്ചൽ ഉണ്ടായ മേഖലയിലെ പാറകളും, മണ്ണും നീക്കം ചെയ്യൽ പ്രവൃത്തി നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും മണ്ണിടിച്ചൽ ഉണ്ടായത്. അപകടകരമായി വലിയ പാറകൾ ഇളകിവരുന്ന സാഹചര്യത്തിൽ പാതയിലെ തടസ്സം നീക്കൽ പ്രവൃത്തികളും താൽകാലികമായി നിർത്തിവച്ചു. വലിയ പാറകൾ ഏതു നിമിഷവും റോഡിലേക്ക് പതിക്കാവുന്ന രീതിയിൽ ഇളകിയിരിക്കുന്നതിനാൽ മണ്ണ് നീക്കൽ പ്രവൃത്തികളും പ്രതിസന്ധി നേരിടുകയാണ്.
കൊട്ടിയൂർ പാൽചുരം റോഡിൽ ഇന്നലെയും ഇന്നുമായി ഉണ്ടായത് വൻ മണ്ണിടിച്ചലാണ്. അപകടകരമായ മണ്ണിടിച്ചൽ തുടർകഥയാകുന്ന പാൽചുരം പാതയിൽ ഇന്നലെ തലനാരിഴയ്ക്കാണ് വാഹനങ്ങൾ അപകടത്തിൽ പെടാതെ രക്ഷപെട്ടത്. വാഹനങ്ങൾ കടന്ന് പോയതിന് തൊട്ടുപിന്നാലെ ടൺ കണക്കിന് മണ്ണും വലിയ പാറ കൂട്ടങ്ങളുമാണ് റോഡിലേക്ക് വീണത്. നിരവധി മരങ്ങൾ കടപുഴകി റോഡിലേക്ക് പതിച്ചിട്ടുണ്ട്. സ്ഥിരം മണ്ണിടിച്ചാൽ മേഖലയായ ചെകുത്താൻ തോട് പ്രദേശത്താണ് ഇത്തവണയും വലിയ തോതിലുള്ള മണ്ണിടിച്ചൽ ഉണ്ടായിട്ടുള്ളത്. ഞായറാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടത്. തടസ്സങ്ങൾ ഭാഗികമായി നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിക്കവെ തന്നെ വീണ്ടും മണ്ണിടിച്ചാൽ ഉണ്ടായതിനെ തുടർന്ന് ജില്ല കലക്ടർ ഇടപെട്ട് പാൽചുരം പാതയിൽ ഗതാഗതം താൽകാലികമായി നിരോധിച്ചിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഗതാഗത നിരോധനം. തിങ്കളാഴ്ച രാവിലെ ഇതേ സ്ഥലത്ത് വീണ്ടും വലിയതോതിൽ മണ്ണിടിച്ചൽ ഉണ്ടായിരുന്നു. ഗതാഗതം എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്നുള്ളതാണ് നിലവിലെ അവസ്ഥ. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇതേ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. ഇത്തവണയും തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചാലും മുൻകാലങ്ങളിലേതു പോലെത്തന്നെ ഇവിടെ മണ്ണിടിച്ചൽ വീണ്ടും ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുകയാണ്. പ്രകൃതി ദുരന്തങ്ങളെ ഭയപ്പെടാതെ അമ്പായത്തോടിൽ നിന്നും വയനാട് തലപ്പുഴയിൽ എത്താനുള്ള ചുരം രഹിത പാതയ്ക്കുള്ള മുറവിളി തുടരുമ്പോഴും മുടന്തു ന്യായങ്ങളും ചുവപ്പ് നാടകളിലെ ഊരാക്കുരുക്കുകളുടെ കഥകളും പറഞ്ഞ് അപകടകരമായ പാൽചുരം ചുരം പാതയിലേക്ക് തന്നെ കോടികൾ വലിച്ചെറിയുകയാണ് സർക്കാർ.
Landslide again in Kottiyoor Boys Town Road