ശ്രീകണ്ടാപുരം: ഭരണകൂട ഭീകരതയുടെ ഇരകളായ കന്യാസ്ത്രീകൾക്ക് വൈകിയാണെങ്കിലും ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അഡ്വ.സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച വാർത്തയറിഞ്ഞ് പയ്യാവൂരിൽ നടത്തിയ ആഹ്ലാദകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധികളായ കന്യാസ്ത്രീകളെക്കെതിരെയുള്ള അന്യായമായ കള്ളക്കേസ് റദ്ദാക്കാതെ നീതി പൂർണ്ണമാവില്ല. കേസ് റദ്ദാക്കി കന്യാസ്ത്രീകളെ അപമാനിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. മതപരിവർത്തനമോ മനുഷ്യകടത്തോ നടത്തിയെന്നതിന് യാതൊരു തെളിവും ഇല്ലെന്നതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. സ്വന്തം ഇഷ്ടത്തോടെയൂം മാതാപിതാക്കളുടെ സമ്മതത്തോടെയും ക്രൈസ്തവർ തന്നെയായ യുവതികൾ കന്യാസ്ത്രീകൾക്കൊപ്പം ജോലിക്ക് വേണ്ടി പോയതാണ് യാഥാർത്ഥ്യം എന്നിരിക്കെ ഈ വകുപ്പുകൾ ചുമത്തിയുള്ള ആരോപണം തികച്ചും ദുഷ്ടലാക്കോടയാണെന്ന് തെളിഞ്ഞിരിക്കുന്നു. കള്ളക്കേസിൽ കുടുക്കി ഒരാഴ്ചയിലധികം ജയിലിൽ ഇട്ടശേഷം ജാമ്യാപേക്ഷ പോലും എതിർത്തവർ, ഒടുവിൽ കോടതി ജാമ്യം അനുവദിച്ചപ്പോൾ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് ഭരണ നേതൃത്വം രംഗത്തിറങ്ങിയത് തീർത്തും അപഹാസ്യം ആണെന്നും സജീവ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
ഛത്തീസ്ഗഡിൽ ദിവസങ്ങളോളം കന്യാസ്ത്രീകളുടെ കുടുംബത്തോടൊപ്പം ജാമ്യ അപേക്ഷക്ക് വേണ്ടിയുളള ശ്രമങ്ങളിൽ നേരിട്ട് പങ്കാളിയാകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും എംഎൽഎ നന്ദി അറിയിച്ചു.
മടമ്പം ഫൊറോന വികാരി റവ. ഫാ. സജി മെത്താനത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഫാ. തോമസ് തെങ്ങുംപള്ളിൽ, ഫാ.വിപിൻ അഞ്ചാംപിൽ, ഫാ. ജോസഫ് ചാത്തനാട്,പിടി മാത്യു, തോമസ് വക്കത്താനം തോമസ് വർഗീസ് ,ജോർജ് തയ്യിൽ ജോസ് ലൂക്കോസ് തുടങ്ങിയവർ യോഗത്തിന്റെ ഭാഗമായി.
Advsajeevjoseph