കണ്ണൂർ :പയ്യാവൂർ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ ഈ വർഷത്തെ തിരുവപ്പന മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൻ ജനാവലിയെ സാക്ഷി നിർത്തി തുടങ്ങി. കേരളത്തിൽ വനത്തിലെ മലമുകളിൽ നടക്കുന്ന അപൂർവം ചില ഉത്സവങ്ങളിൽ ഒന്നാണിത്. കഴിഞ്ഞവർഷത്തെ തിരുവപ്പന ഉത്സവത്തിനു ശേഷം ആൾ പ്രവേശനമില്ലാതിരുന്ന പാടിയിൽ ഈറ്റയും പുല്ലും ഓലയും ഉപയോഗിച്ച് താൽകാലിക മടപ്പുര നിർമിച്ചിരുന്നു. പാടിയിൽ പണി എന്ന പേരിൽ അറിയപ്പെടുന്ന ചടങ്ങുകളാണിത്.
അടിയന്തിരക്കാർ, ചന്തൻ, കരക്കാട്ടിടം വാണവർ എന്നിവർക്കുള്ള സ്ഥാനിക പന്തലുകളും ഒരുക്കിയിട്ടുണ്ട്. 17 ന് രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമം, ശുദ്ധി, വാസ്തുബലി, ഭഗവതിസേവ, ഉഷപൂജ, നവകം, ഉച്ചപൂജ, ദീപാരാധന എന്നീ ചടങ്ങുകൾ നടന്നു. സന്ധ്യയോടെകോമരം ഉറഞ്ഞുതുള്ളി പൈങ്കുറ്റി വച്ച ശേഷം അഞ്ചില്ലം അടിയാന്മാർ ഇരുവശത്തും ചൂട്ടുപിടിച്ച് കളിക്കപ്പാട്ടോടുകൂടി പാടിയിൽ പ്രവേശിച്ചു. കരക്കാട്ടിടം വാണവർ, അടിയന്തരക്കാർ എന്നിവരെല്ലാം പാടിയിൽ പ്രവേശിക്കുന്നതിനായി അനുഗമിച്ചു. കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം ട്രസ്റ്റിയും ജനറൽ മനേജരുമായ എസ്.കെ.കുഞ്ഞിരാമൻ നായനാരും എസ്.കെ.വേണുഗോപാലനും പാടിയിൽ പ്രവേശിക്കലിന് നേതൃത്വം നൽകി.
തിരുവാഭരണ പെട്ടിയും ഭണ്ഡാരവും പാടിയിലേക്ക് കൊണ്ടുപോയി. പാടിയിൽ പ്രവേശിച്ചശേഷം തന്ത്രിയുടെ കാർമ്മികത്വത്തിൽ ശുദ്ധി, കലശപൂജ എന്നിവ നടത്തി. തുടർന്ന് അടിയന്തരം തുടങ്ങാൻ തന്ത്രി അനുവാദം നൽകി. വാണവരുടെ കങ്കാണിയറയിൽ വിളക്ക് തെളിഞ്ഞതോടെ അടിയന്തിരം തുടങ്ങി. പൊലീസിന്റെ നിർദ്ദേശപ്രകാരം ഉത്സവം നടക്കുന്ന പാടിയിലും താഴെ പൊടിക്കളത്തും കുന്നത്തൂർ കവലയിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷക്ക് മുന്നോടിയായി പൊലീസും വനം വകുപ്പും പാടിയിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാർക്കിംഗിനായി ഇക്കുറി വിപുലമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്.
നുവരി 15 ന് തിരുവപ്പന മഹോത്സവം സമാപിക്കും.ഉത്സവകാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം. ദിവസവും ഉച്ചയ്ക്കും രാത്രിയും താഴെ പൊടിക്കളത്ത് അന്നദാനമുണ്ട്. ഉത്സവത്തെ പരിസ്ഥിതി സൗഹൃദമാക്കാൻ വനംവകുപ്പിന്റെ നിർദേശപ്രകാരം ഇവിടെ പ്ലാസ്റ്റിക് സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിൽ നിന്ന് പ്രത്യേക ബസ് സർവീസുകളും തുടങ്ങിയിട്ടുണ്ട്. ഭക്തജനങ്ങൾക്കായി ക്ഷേത്രപരിസരത്ത് കൂടുതൽ ഇ ടോയ്ലറ്റ് സംവിധാനവും മറ്റും ഒരുക്കിയിട്ടുണ്ട്
Kunnathr







































