പേരാവൂർ: നിയമസഭ സ്ഥാനാർഥി പ്രഖ്യാപനം വരും മുൻപ് പേരാവൂർ മണ്ഡലം എം.എൽ.എയും കെ.പി.സി.സി അധ്യക്ഷനുമായ സണ്ണി ജോസഫിന് വോട്ടഭ്യർഥിച്ച് മണത്തണ ടൗണിൽ സ്ഥാപിച്ച പ്രചരണ ബോർഡ് നീക്കം ചെയ്തു. മണത്തണ ബൂത്ത് കമ്മിറ്റി സ്ഥാപിച്ച കൂറ്റൻ ഫ്‌ളക്‌സ് ബോർഡാണ് സണ്ണി ജോസഫ് എം.എൽ.എ ഇടപെട്ട് എടുത്ത് മാറ്റിച്ചത്. കെ.പി.സി.സി അധ്യക്ഷന്റെ മണ്ഡലത്തിൽ വോട്ടഭ്യർഥിച്ച് ബോർഡ് സ്ഥാപിച്ചത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിവാദമായതിനെത്തുടർന്നാണ് നടപടി എന്നാണ് അറിയുന്നത്. വികസനത്തുടർച്ചയ്ക്ക്, നാടിന്റെ നന്മയ്ക്ക് സണ്ണി ജോസഫിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബോർഡ്.
2011 മുതൽ സണ്ണി ജോസഫ് പേരാവൂർ മണ്ഡലം എം.എൽ.എയാണ്. കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ്. പേരാവൂർ മണ്ഡലം തിരിച്ചുപിടിച്ചത്. തുടർച്ചയായി മൂന്ന് തവണയും സണ്ണി ജോസഫ് വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പേരാവൂർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥികളായി ജോൺ ബ്രിട്ടാസ്, ഡോ. വി.ശിവദാസൻ എന്നിവരുടെ പേരുകൾ പ്രചരിച്ചിരുന്നു. അങ്ങനെ വന്നാൽ ശക്തമായ മത്സരത്തിനാവും പേരാവൂർ മണ്ഡലം സാക്ഷ്യം വഹിക്കുക.
The flex board put up in Manathana for Sunny Joseph's election campaign was taken down




































