ചുങ്കക്കുന്ന്: പൊയ്യമലയിൽ കർഷകന്റെ ആട്ടിൻകുട്ടിയെ കൊന്നത് നായയാണ് എന്ന് തെളിയിച്ച് വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ദൃശ്യങ്ങൾ.കാരക്കാട്ട് ജോസഫിന്റെ ആട്ടിൻകുട്ടിയെ കടിച്ചു കൊന്നത് പുലിയല്ല, മറിച്ച് നായയാണെന്ന് ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. കഴിഞ്ഞ ദിവസമാണ് ജോസഫിന്റെ ആട്ടിൻകുട്ടിയെ വന്യജീവി പിടികൂടിയത്.
ആടിനെ പിടിച്ചത് പുലിയാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചിരുന്നു. കടിച്ച രീതിയും കാൽപ്പാടുകളും പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത് പുലിയല്ലെന്നും, നായയോ ചെന്നായയോ ആകാമെന്നും നിഗമനം നടത്തിയിരുന്നു.
എന്നാൽ, ഇത് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഒരു വിഭാഗം വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാക്കി. തുടർന്നാണ് സത്യാവസ്ഥ തെളിയിക്കാൻ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചത്. കാൽപ്പാടുകളും, ഇരയുടെ വലുപ്പവും, ആക്രമണ രീതിയും പരിശോധിച്ച് വന്യജീവിയാണോ പ്രദേശത്ത് ഇറങ്ങി വളർത്തുമൃഗത്തെ പിടിച്ചത് എന്ന് നിഗമനം നടത്താൻ ട്രെയിനിങ് ലഭിച്ചവർ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ജനങ്ങളുടെ സുരക്ഷയ്ക്കായി രാജ്യത്തിൻ്റെ പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും, ഊഹാപോഹങ്ങളുടെ പേരിൽ അശാസ്ത്രീയമായ നിഗമനങ്ങളിലേക്ക് എത്താതിരിക്കാനും, തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും പൊതുസമൂഹം ജാഗ്രത പുലർത്തണമെന്ന് കണ്ണൂർ ഡി.എഫ്.ഒ . അറിയിച്ചു .
chungakunnu













.jpeg)





















