ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഡൽഹി റോസ് അവന്യൂ സിബിഐ കോടതിയുടേതാണ് ഈ സുപ്രധാന നടപടി.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത അടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു.മതിയായ തെളിവുകളില്ലാതെയാണ് ഇരുവരെയും കേസിൽ ഉൾപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സിബിഐയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. സിബിഐ സമർപ്പിച്ച ആയിരം പേജോളം വരുന്ന കുറ്റപത്രത്തിൽ പിഴവുകളുണ്ടെന്നും പ്രതികൾക്കെതിരെ ഒരു സാക്ഷിമൊഴി പോലും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി കുറ്റപ്പെടുത്തി. ആം ആദ്മി പാർട്ടിക്ക് വലിയ രാഷ്ട്രീയ ആശ്വാസം നൽകുന്നതാണ് ഈ വിധി.
വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട കെജ്‌രിവാൾ പൊട്ടിക്കരഞ്ഞു. സത്യം ജയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് കെട്ടിച്ചമച്ച കേസ് ആണിതെന്നും അദ്ദേഹം പറഞ്ഞു.
delhi





































