കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊട്ടിയൂരിലെ പ്രധാന പ്രസാദമായ 'ഓടപ്പൂ' വില്പനയെച്ചൊല്ലി ദേവസ്വവും പ്രദേശവാസികളും തമ്മിൽ തർക്കം മുറുകുന്നു. ഓടപ്പൂ വില്പന പൂർണ്ണമായും ദേവസ്വം നിയന്ത്രണത്തിലാക്കുമെന്ന പ്രഖ്യാപനമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ സംഘടനകളും വിഷയത്തിൽ ഇടപെട്ടതോടെ അധികൃതർ പ്രതിസന്ധിയിലായിരിക്കുകയാണ്. 'ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. എന്നാൽ പ്രാദേശിക തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുത്താൻ ദേവസ്വം ആഗ്രഹിക്കുന്നില്ല. എല്ലാവർക്കും സ്വീകാര്യമായ ഒരു ഫോർമുല ഉടൻ ഉണ്ടാകുമെന്നും' ദേവസ്വം അധികൃതർ പറയുന്നു.
ഓടപ്പൂവിന് കൃത്യമായ വില ഏകീകരണം ഇല്ലാത്തതിനാൽ ഭക്തരിൽ നിന്ന് അമിതവില ഈടാക്കുന്നു എന്ന പരാതി വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയ്ക്കാണ് ദേവസ്വം ഓടപ്പൂ സ്റ്റാളുകൾ ലേലം നൽകുന്നത്. എന്നാൽ ഉത്സവച്ചന്തയിൽ ആർക്കും പൂക്കൾ വിൽക്കാം എന്നത് ലേലം എടുത്തവർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു എന്ന സാഹചര്യവും നിലനിൽക്കുന്നു.
ഓടപ്പൂവിന്റെ പേറ്റന്റ് ദേവസ്വത്തിനാണെന്നും അതിനാൽ വിപണിയിൽ നിയന്ത്രണം അനിവാര്യമാണെന്നും ദേവസ്വം പറയുന്നു. അന്യസംസ്ഥാന ഭക്തരടക്കമുള്ളവർ ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ ദേവസ്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണം അനിവാര്യമാണെന്നും പരാതികൾ ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കണമെന്നുമാണ് ദേവസ്വം അധികൃതരുടെ നിലപാട്. എന്നാൽ ഓടപ്പൂ വില്പനയിൽ ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണം ഉണ്ടായാൽ ഉത്സവസമയത്ത് ദേവസ്വം സ്റ്റാളുകൾക്ക് പുറത്ത് ഓടപ്പൂ വില്കുന്നവരെ അത് ബാധിക്കുമോ എന്ന ആശങ്കയാണ് പ്രതിക്ഷേധത്തിന് കാരണമാവുന്നത്. ഭക്തർക്കും വ്യാപാരികൾക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിൽ പ്രശ്നം രമ്യമായി പരിഹരിച്ച് ഉത്സവത്തിന് മുൻപായി ഒരു ധാരണയിലെത്തിയില്ലെങ്കിൽ ഇത്തവണത്തെ വൈശാഖ മഹോത്സവ ചന്തയെ അത് സാരമായി ബാധിച്ചേക്കാം.
'Oodappoo' Dispute over sale in Kottiyoor Temple















.jpeg)






















