കൊച്ചി: ചിക്കമംഗളൂരുവിൽ ട്രെക്കിങ്ങിനിടെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ശ്രീനന്ദ വെള്ളച്ചാട്ടം കണ്ടശേഷം പാർക്കിങ് ഗ്രൗണ്ടിൽ എത്തിയിരുന്നു. മൃതദേഹം കിട്ടിയ ചെരിവ് ഗ്രൗണ്ടിന് മറുവശമാണ്. ആ ഭാഗത്തേക്ക് കുട്ടി പോയിട്ടില്ല. കാണാതായത് വ്യൂപോയിന്റിൽ നിന്നാണ്. മൃതദേഹം കിട്ടിയ ഇടത്ത് ഇന്നലെയും തിരച്ചിൽ നടത്തിയിരുന്നു. ശ്രീനന്ദ ചെറിയ സ്വർണമോതിരം ധരിച്ചിരുന്നു. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
നാലാംദിവസം ഊർജിതമായ തിരച്ചിൽ തുടരുന്നതിനിടെ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. ബാബ ബുധന ഗിരിക്ക് താഴെ ഹർഷന ഗുപ്പെയിൽ 1500 അടി താഴ്ചയിലാണ് മൃതദേഹം. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. മൃതദേഹം ശ്രീനന്ദയുടേതാണെന്ന് പാലക്കാട് എസ്ഐ: സുനിൽ സ്‌ഥിരീകരിച്ചു. നാല് ദിവസം മുൻപായിരുന്നു പെൺകുട്ടിയെ കാണാതായത്. ഇരുനൂറംഗ സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമായി തുടരുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്. തെർമൽ ക്യാമറകളും തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. കാണാതായ ദിവസം വന്ന വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടന്നിരുന്നു. കേരള പൊലീസും തിരച്ചിലിൽ പങ്കെടുത്തു
ബാബാ ബുധൻഗിരിയിൽവച്ചാണ് പതിനാലുകാരിയെ നാലുദിവസംമുൻപ് കാണാതായത്. കുടുംബം ഉൾപ്പെട്ട നാൽപതംഗ സംഘത്തിലായിരുന്നു പാലക്കാടുകാരിയായ പെൺകുട്ടി ഉണ്ടായിരുന്നത്.ശ്രീനന്ദയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയെന്ന് സംശയം ഉണ്ടെന്നും കുടുബം പ്രതികരിച്ചിരുന്നു. ആ വഴിയിൽ സിസിടിവി ഇല്ല. സിസിടിവി ഉള്ളത് 15 കിലോമീറ്റർ ദൂരെ ആണെന്നും കുട്ടിയെ കാണാതായത് ആറുമിനിറ്റിനുള്ളിൽ ആണെന്നും ശ്രീനന്ദയുടെ ചെറിയച്‌ഛൻ പ്രതികരിച്ചു. പ്രദേശത്ത് നിരവധി ഭിക്ഷക്കാരും തെരുവിൽ ഉറങ്ങുന്നവരും ഉണ്ടായിരുന്നു. അവരറിയാതെ സംഭവിക്കില്ല. പക്ഷേ പൊലീസ് അവരെയൊന്നും ചോദ്യം ചെയ്യുന്നില്ല. പുറത്തുനിന്ന് വന്ന് തട്ടിക്കൊണ്ടുപോകാനാകില്ലെന്നും അജിത്ത് വെളിപ്പെടുത്തി. ഈ സ്ഥലം വ്യൂപോയിന്റെന്നും അപകടസ്‌ഥലമല്ലെന്നും പ്രദേശവാസി ജോൺ പറഞ്ഞു.
വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപമാണ് ഇവരെ കാണാതായത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്നു നടത്തുന്ന തിരച്ചിലിൽ ഡോഗ് സ്ക്വാഡുമുണ്ടായിരുന്നു. ഡ്രോൺ ക്യാമറകളും വിന്യസിച്ചു.വെള്ളച്ചാട്ടത്തിൽ വീണെന്നു സംശയമുയർന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളി. ചൊവ്വാഴ്ച്‌ച വൈകിട്ടു മറ്റു രണ്ടു കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ശ്രീനന്ദയ്ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ അന്വേഷണ സംഘത്തെ സഹായിക്കാൻ സ്‌ഥലത്തു തങ്ങി.
Sreenandhasfamily






































