തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്, അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താ കുറിപ്പ് പറയുന്നു. കേര പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിന്‍റെ പകർപ്പ് മാധ്യമങ്ങളിൽ വരാൻ ഇടയായ സാഹചര്യത്തെ പറ്റി സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നും കുറിപ്പില്‍ വ്യക്തമാകുന്നത്. അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകൾ ചോരുന്നതും അത് മാധ്യമങ്ങളിൽ അച്ചടിച്ച് വരുന്നതും ഒരു ധനകാര്യ സ്ഥാപനത്തിന്‍റെ മുന്നിൽ സർക്കാരിന്‍റെ വിശ്വാസ്യത ചോർച്ചക്ക് കാരണമാവും.
അത്തരം ഒരു വീഴ്ച്ച എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കുന്നത് സർക്കാരിൻ്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. എന്നാൽ ഇതിനെ മാധ്യമ പ്രവർത്തകർക്ക് എതിരായ ഒന്നായി ചിത്രീകരിക്കുന്നത് വ്യാജ വാർത്താ പ്രചരണം തന്നെയാണ്. തെറ്റായ രീതിയിൽ ഒരു വാർത്ത വന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുന്നതിനേയും ഉത്തരവാദികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനെയും മാധ്യമ വിരുദ്ധ നീക്കം ആയി വ്യാഖ്യാനിക്കേണ്ടതില്ല. ചുമതലാ നിർവഹണത്തിൽ വീഴ്ചയോ തെറ്റായ കാര്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുക എന്നത് സ്വാഭാവിക നടപടി ക്രമം ആണ്. അത് ആരുടെയെങ്കിലും തോന്നലിന്‍റെയോ നിർബന്ധത്തിന്‍റെയോ ഫലമായി ഉണ്ടായതല്ല. നിയമപരവും ചട്ട പ്രകാരവുമുള്ള നടപടികൾ ആണ് സ്വീകരിച്ചിട്ടുള്ളത്. ഈ വസ്തുതാ അന്വേഷണത്തിൻ്റെ ഭാഗമായി മാധ്യമപ്രവർത്തകരെ വിളിച്ച് വരുത്തി തെളിവ് എടുക്കും എന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ല എന്നും കുറിപ്പില്‍ പറയുന്നു.
Pinarayvijayan