കൊച്ചി : ധര്‍മ്മസ്ഥലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ മകളെ കാണാതായെന്ന പരാതിയില്‍ മലക്കം മറിഞ്ഞ് സുജാത ഭട്ട്. തനിക്ക് അനന്യ ഭട്ടെന്ന പേരില്‍ മകള്‍ ഉണ്ടായിരുന്നില്ലെന്നും തന്റെ പരാതിയും താന്‍ പറഞ്ഞ കഥയും കെട്ടിച്ചമച്ചതാണെന്നും സുജാത ഭട്ട് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുജാത ഭട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞത്. പിതൃസ്വത്തിനെക്കുറിച്ചുള്ള ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു കഥ മെനഞ്ഞതെന്നാണ് സുജാത ഭട്ടിന്റെ പുതിയ പ്രതികരണം.
അനന്യ ഭട്ടെന്ന മകളെ ധര്‍മ്മസ്ഥലയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായെന്നായിരുന്നു സുജാതയുടെ പരാതി. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും സുജാത ഭട്ട് പറഞ്ഞു. എന്നാല്‍ മിനിറ്റുകള്‍ക്ക് ഉള്ളില്‍ സുജാത ഭട്ട് ഈ പ്രതികരണം മാറ്റി. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആകില്ലെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അത് പുറത്ത് കൊണ്ടുവരുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.

അതിനിടെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണതൊഴിലാളിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പരാതി വ്യാജമാണെന്ന് സംശയമുയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റെന്ന് എസ്‌ഐടി പറഞ്ഞു. ഇന്നലെ ഉച്ചമുതല്‍ ഇന്ന് പുലര്‍ച്ചവരെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മുന്‍ ശുചീകരണതൊഴിലാളിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വെളിപ്പെടുത്തല്‍ സംബന്ധിച്ചുള്ള മൊഴികളിലെ വൈരുദ്ധ്യവും കോടതില്‍ ഹാജരാക്കിയ തലയോട്ടിയെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും ആണ് അറസ്റ്റിന് പിന്നിലെന്നാണ് സൂചന.
Darmasthala