കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി. കേസിലെ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. കേസിൽ ഓണാവധിക്ക് ശേഷം വിശദമായ വാദം കേൾക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് വിജിലൻസ് കണ്ടെത്തിയതെന്നായിരുന്നു എംആർ അജിത് കുമാറിന്റെ വാദം. അതിനാൽ, വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

ഉന്നത ഉദ്യോഗസ്ഥനാണോ കേസ് അന്വേഷിച്ചതെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. കീഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് സംശയമുന്നയിച്ച കോടതി സർക്കാർ നടപടികളെല്ലാം അറിയിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. അന്വേഷണത്തിൻ്റെ നടപടി ക്രമങ്ങളിലേക്ക് കടന്ന കോടതി വിജിലൻസ് ഡയറക്ടറോടും വിശദീകരണം ചോദിച്ചിരുന്നു. തുടർന്ന് ഇന്ന് വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
kochi