തിരുവനന്തപുരം: സംസ്ഥാനത്ത് ചിങ്ങമാസത്തിൽ റെക്കോർഡുകൾ തകർത്ത് സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന് 76,960 രൂപയാണ് ഇന്നത്തെ വില. യുഎസ്സിലെ ഫെഡറൽ റിസർവ്വ് അടിസ്ഥാന പലിശ നിരക്ക് കുറയുന്നത് മുതൽ ഇന്ത്യൻ രൂപയുടെ ഇടിവ് വരെ നിരവധി ഘടകങ്ങളാണ് ഈ വില ഉയരാൻ കാരണം.
പൊന്നിന് വില തീപിടിക്കുകയാണ്. അതും സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ചിങ്ങമാസത്തിൽ. പവന് ഒറ്റയടിക്ക് കൂടിയത് 1200 രൂപയാണ്. പവന് വില 76,960 രൂപയെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 83,500 രൂപയെങ്കിലും നൽകണം. ഒരു ഗ്രാം സ്വർണ്ണാഭരണത്തിനും വില 10,405 രൂപയാകും.

ആഗോള കറൻസി, പണപ്പെരുപ്പത്തിനെതിരായ സുരക്ഷിത നിക്ഷേപം, കരുതൽ ആസ്തി അങ്ങനെ പലകാരണങ്ങൾ കൊണ്ട് സ്വർണം നിക്ഷേപകർക്ക് പ്രിയപ്പെട്ടതാണ്. യുഎസ് തീരുവ പ്രഹരത്തിൽ രൂപയ്ക്കെതിരെ ഡോളർ ശക്തിപ്രാപിച്ചതോടെ സ്വർണ്ണത്തിന്റെ ഇറക്കുമതി ചിലവേറെ. നേരിയ ഇടിവ് സംഭവിക്കാമെങ്കിലും രാജ്യാന്തവിപണിയിലെ നിലവിലെ സാഹചര്യത്തിൽ സ്വർണ്ണവില കാര്യമായി കുറയില്ലെന്നാണ് നിഗമനം. ഓണത്തിന് പിന്നാലെ എത്തുന്ന ദീപാവലിയും നിക്ഷേപകരും വ്യാപാരികളും ഉറ്റുനോക്കുകയാണ്.
അന്താരാഷ്ട്ര സ്വർണ്ണവില 3448 ഡോളറും, കൂടുതൽ ദുർബലമായ രൂപയുടെ വിനിമയ നിരക്ക് 88.18 രൂപയുമാണ്. യു എസ്സിൽ ട്രംപും കേന്ദ്രബാങ്കും തമ്മിലെ ഭിന്നതകൾ, റഷ്യ യുക്രൈൻ യുദ്ധത്തിന് വിരാമമില്ലാത്തും വരെ സ്വർണ്ണപ്രിയരായ മലയാളി ജനതയെ നിരാശരാക്കുന്നുവെന്ന് ചുരുക്കം.
Goldrate