തിരുവനന്തപുരം : കെപിസിസി നേതൃപദവിയിൽ നിന്നു തഴഞ്ഞതിൽ ചാണ്ടി ഉമ്മൻ എംഎൽഎ കടുത്ത അതൃപ്തിയിൽ. കെപിസിസി പരിപാടിയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധിച്ചു. അടൂർ പ്രകാശ് എം.പി. നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ ആയിരുന്നു ചാണ്ടി പങ്കെടുക്കേണ്ടിയിരുന്നത്. ഇന്ന് രാവിലെ ആയിരുന്നു പരിപാടി. കെപിസിസി പുനഃസംഘടനയിൽ അതൃപ്തിയിലാണ് ചാണ്ടി ഉമ്മൻ.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ അവസാനവട്ടം തഴഞ്ഞതായാണ് പരാതി. അബിൻ വർക്കിയെ പിന്തുണച്ചത് ചാണ്ടി ഉമ്മന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് മുൻ ഉപാധ്യക്ഷന്മാരെയും പരിഗണിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.ചാണ്ടി ഉമ്മനെ ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ കോൺഗ്രസ് പുറത്തുവിട്ട ജംബോ കമ്മിറ്റിയിൽ ചാണ്ടി ഉമ്മനെ തഴഞ്ഞതാണ് അനുകൂലികളെ അതൃപ്തിയിലാക്കിയത്. പതിമൂന്ന് ഉപാധ്യക്ഷന്മാരെയും 58 ജനറൽ സെക്രട്ടറിമാരായെും ഉൾപ്പെടുത്തി ഇന്നലെയാണ് ജംബോ പട്ടിക കെപിസിസി പുറത്തുവിട്ടത്.
അതേസമയം, യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽനിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ ഇന്നലെ പരസ്യമായി പ്രതികരിച്ചിരുന്നു.തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല. തന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെ. തന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് എന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. അതിന് പിന്നിൽ പ്രവർത്തിച്ചതാര് എന്ന് പിന്നീട് പറയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
Chandiumman