കണ്ണൂർ: വിവരാവകാശ അപേക്ഷകൾ സ്വീകരിക്കുന്നതിന് പ്രത്യേക സമയം നിശ്ചയിക്കുന്ന സർക്കാർ ഓഫീസുകളുടെ നടപടി നിയമവിരുദ്ധമാണെന്നും ഓഫീസുകളുടെ പ്രവൃത്തി സമയമായ രാവിലെ 10നും വൈകിട്ട് അഞ്ചിനുമിടയിൽ ഏതു സമയത്തും അപേക്ഷകൾ സ്വീകരിക്കേണ്ടതാണെന്നും വിവരാവകാശ കമീഷണർ അഡ്വ.ടി.കെ.രാമകൃഷ്ണൻ പറഞ്ഞു. കണ്ണൂർ കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ കമ്മീഷൻ സിറ്റിങ്ങിൽ കേസുകൾ പരിഗണിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ആർടിഒ ഓഫീസിൽ സമർപ്പിച്ച വിവരാവകാശ അപേക്ഷ സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി മടക്കിയതിൽ നൽകിയ പരാതിയിലാണ് കമ്മീഷന്റെ നിർദ്ദേശം. ഇത്തരം അപേക്ഷകൾ നിരസിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും കമ്മീഷൻ പറഞ്ഞു.
വിവരാവകാശ അപേക്ഷകൾക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകണം. ഉപ ചോദ്യങ്ങൾ ഒഴിവാക്കി അവ്യക്തമായ മറുപടി നൽകുന്നത് കുറ്റകരമാണ്. വിവരാവകാശ അപേക്ഷക്ക് സമയപരിധി കഴിഞ്ഞും മറുപടി നൽകാതിരിക്കുകയും പിന്നീട് കമ്മീഷനിൽ കേസ് വന്ന ശേഷം റിപ്പോർട്ട് ആവശ്യപ്പെടുമ്പോൾ മറുപടി നൽകുകയും ചെയ്യുന്ന പ്രവണത ഉദ്യോഗസ്ഥർ പിന്തുടരുന്നുണ്ട്. എന്നാൽ ഇത് അംഗീകരിക്കാനാവില്ല. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം. ഒരേ വിഷയത്തിൽ നിരന്തരം അപേക്ഷ നൽകുന്നത് വിവരാവകാശത്തിന്റെ അന്തസത്ത ചോർത്തിക്കളയും.
നിർമ്മിതി കേന്ദ്ര വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനം ആയതിനാൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫസറെയും അപ്പലേറ്റ് അതോറിറ്റിയേയും നിയമിക്കണമെന്നും കമ്മീഷണർ പറഞ്ഞു. ബുധനാഴ്ച നടന്ന സിറ്റിങ്ങിൽ 20 കേസുകളാണ് പരിഗണിച്ചത്. ഫെബ്രുവരി 19 വ്യാഴാഴ്ച കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സിറ്റിങ്ങിൽ വിവരാവകാശ കമീഷണറായ സോണിച്ചൻ പി ജോസഫ് കേസുകൾ പരിഗണിക്കും.
Fixing a specific time for receiving Right to Information applications is illegal







































