തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. അപകടം നടന്ന ദിവസം മുതൽ സതീശൻ തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ബേൺസ് ഐ സി യുവിൽ ചികിത്സയിലായിരുന്നു. സതീശന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു സതീശൻ മുണ്ടത്തിക്കോട്. വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വർഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസൻസിയായിരുന്നു.
ഒരിറ്റ് ജീവനോടെയെങ്കിലും സതീശനെ തിരികെ ജീവിതത്തിലേക്ക് കിട്ടിയാൽ മതിയെന്ന പ്രാർത്ഥനയിലായിരുന്നു കുടുംബം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സതീഷ് കടന്നു പോയിരുന്നതെന്നും സഹോദരി രേണുക പറഞ്ഞിരുന്നു.
തൃശ്ശൂര്‍ പൂരത്തിന്റെ ആകാശപ്പൂരത്തിന് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന വിശ്വസ്തനായിരുന്നു മുണ്ടത്തിക്കോട് സതീശ്. പൂരത്തിന് സൗഹൃദ വെടിക്കെട്ടൊരുക്കിയതിന്‍റെ അപൂർവ ചരിത്രത്തിന് ഉടമയായ സതീഷ് പരിചയ സമ്പന്നനായ വെടിക്കെട്ട് വിദഗ്ധൻ കൂടിയാണ്. വെടിക്കെട്ട് നിർമ്മാണപ്രവർത്തനങ്ങളിൽ 13 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ളയാൾ.
2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീഷായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ട് ഒരുക്കിയത്. പിതാവ് മണിപാപ്പൻ്റെ പാത പിന്തുടർന്നാണ് സതീഷ് വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീഷ് വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്.
തൃശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങൾക്ക് സതീഷുണ്ടാവും. ഇത്തവണ തിരുവമ്പാടി ദേവസ്വത്തിനുവേണ്ടി മാത്രമാണ് സതീശൻ വെടിക്കെട്ട് ഒരുക്കിയത്. വിസ്മയങ്ങൾ കാത്തുവച്ച് പൂരത്തിനായി തയാറെടുക്കുന്നതിനിടെയാണ് നടുക്കുന്ന അപകടം ഉണ്ടായത്. അതേസമയം മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.
Thrissur

.jpeg)
.jpeg)





.jpeg)





























