എറണാകുളം : കേരളത്തില്‍ മത്തിയുടെ ലഭ്യത 13 ശതമാനം കൂടി കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യതയിലെത്തി. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വര്‍ഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീന്‍, കണവ-കൂന്തല്‍-നീരാളി ഇനങ്ങളുടെ ലഭ്യതയിലും വര്‍ധനവുണ്ടായി. എന്നാല്‍, തിരിയാന്‍, ചെമ്മീന്‍, പാമ്പാട എന്നിവ കുറഞ്ഞു.മത്തി കഴിഞ്ഞാല്‍, അയല (62,269 ടണ്‍), കൊഴുവ (43,917 ടണ്‍), കിളിമീന്‍ (43,184 ടണ്‍), ചെമ്മീന്‍ (40,443 ടണ്‍) എന്നിവയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ സമുദ്ര മത്സ്യമാണ്. മുന്‍ വര്‍ഷത്തെക്കാള്‍ ഇന്ത്യയിലാകെ മൂന്ന് ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്നാടാണ്. 6.85 ലക്ഷം ടണ്‍. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ശതമാനം വര്‍ധനവോടെ കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തി.ശക്തമായ മഴയും ചരക്കു കപ്പല്‍ അപകടവും കാരണം മെയ്, ജൂണ്‍ മാസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മത്സ്യബന്ധന ദിവസത്തില്‍ കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മീന്‍ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഹാര്‍ബറുകളില്‍ കൊല്ലം ജില്ലയിലെ നീണ്ടകരയാണ് മുന്നില്‍. എറണാകുളം ജില്ലയിലെ മുനമ്പം രണ്ടാമതാണ്.സിഎംഎഫ്ആര്‍ഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ്, ഇക്കണോമിക്സ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗമാണ് വാര്‍ഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്, വിവിധ ഗവേഷണ വിഭാഗം മേധാവികളായ ഡോ ജെ ജയശങ്കര്‍, ഡോ ശോഭ ജോ കിഴക്കൂടന്‍, ഡോ കെ എസ് ശോഭന, ഡോ ജോസ്്ലീന്‍ ജോസ്, ഡോ വിവിആര്‍ സുരേഷ്, ഡോ കൃപേഷ് ശര്‍മ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Keralafisheries








































