ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രിക്കഴകം (TVK) നാളെ അധികാരമേൽക്കുകയാണ്. നാളെ രാവിലെ 11:30-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും.കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ എന്ന കടമ്പ കടക്കാൻ തീവ്രമായ രാഷ്ട്രീയ ചർച്ചകൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. എന്നാൽ, രണ്ട് മന്ത്രിസ്ഥാനങ്ങളും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും നൽകണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഈ പിന്തുണ. ഡിഎംകെ മുന്നണിയുടെ ഭാഗമായി മത്സരിച്ച കോൺഗ്രസിന്റെ ഈ നീക്കം ഇന്ത്യ സഖ്യത്തിൽ തന്നെ വലിയ വിള്ളലുകൾ വീഴ്ത്തുന്നതും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുന്നതുമാണ്.
വിജയ് പിന്തുണ തേടിക്കൊണ്ട് സിപിഐ നേതാവ് ആനി രാജയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിപിഐ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി. തമിഴ്‌നാട്ടിൽ ഒരു സീറ്റ് മാത്രമുള്ള ബിജെപിക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുന്നില്ല.
Vijaysarkkar





































