കൊട്ടിയൂർ : ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിൽ നടക്കുന്ന ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് ശനിയാഴ്ച നടക്കും. 28ന് നടക്കുന്ന നെയ്യാട്ടത്തിന് നെയ്ക്കുടങ്ങൾ എത്തിക്കുന്നതിനായി വ്രതം നോൽക്കുന്ന നെയ്യമൃത് വ്രതക്കാർ 22ന് വെള്ളിയാഴ്ച കലശം കുളിച്ച് വിവിധയിടങ്ങളിലെ മഠങ്ങളിൽക്കയറി കഠിനവ്രതമാരംഭിക്കും.
കൊട്ടിയൂർ മന്ദംചേരിയിൽ നിർമ്മാണം നടക്കുന്ന പാലത്തിന്റെ പ്രവർത്തികൾ ഏതാണ്ട് പൂർത്തിയായി. നെയ്യാട്ടവും മുതിരേരി വാൾ എഴുന്നള്ളത്തും നടക്കുന്ന 28ന് പാലത്തിന്റെ ഉദ്‌ഘാടനം നടത്താനാണ് തീരുമാനം. ചക്കരക്കൽ വാർത്ത. 60മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള പാലമാണ് മന്ദംചേരിയിൽ ബാവലിപ്പുഴക്ക് കുറുകെ നിർമ്മിക്കുന്നത്.
നേരത്തെ ഉണ്ടായിരുന്ന പാലത്തിനു ബലക്ഷയം വന്നതോടെയാണ് പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. 2.5കോടി ചിലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ ഇരു വശങ്ങളിലും പാലത്തിലേക്ക് കയറാൻ കോൺക്രീറ്റ് പടവുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനു സമീപത്തായി നിർമ്മിക്കുന്ന ശൗചാലയ സമുച്ചയത്തിന്റെ പണിയും അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
മന്ദംചേരിയിൽ ബാവലിപ്പുഴയിൽ നിന്നും അക്കരെസന്നിധിയിലെ തിരുവഞ്ചിറയിലേക്ക് വെള്ളമൊഴുക്കാനായി നിർമ്മിക്കുന്ന ബാവലിക്കെട്ടിന്റെ നിർമ്മാണവും ഏതാണ്ട് പൂർത്തിയായി. ഇത്തവണത്തെ കനത്ത ചൂടും വരൾച്ചയും കാരണം ബാവലിയിൽ നീരൊഴുക്ക് നന്നേ കുറഞ്ഞ അവസ്ഥയിലാണ്. ഇടയ്ക്കു ചില ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നെങ്കിലും പുഴയിൽ നീരൊഴുക്ക് കൂടിയിട്ടില്ല. എന്നാൽ ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന കാലാവസ്ഥാ പ്രവചനം യാഥാർഥ്യമാകുമെന്നും ഉത്സവം തുടങ്ങുന്നതിനു മുന്നേതന്നെ ശക്തമായ മഴ ലഭിക്കുമെന്നും വിശ്വസിക്കുന്നു.
Kottiyoor







































