കണ്ണൂർ: മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ മട്ടന്നൂർ പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ റൈഡിലാണ് കണ്ണൂർ ജില്ലയിലെ വിവിധ കടകളിൽ വിതരണം ചെയ്യാനായി കൊണ്ട് വന്ന ലഹരി ഉത്പന്നങ്ങളാണ് മൊത്ത വ്യാപാരി വേങ്ങാട് സ്വദേശി ഷമീർ (35)ൽ നിന്നും മട്ടന്നൂർ ഇൻസ്‌പെക്ടർ എ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കർണാടകയിൽ നിന്നും പച്ചക്കറി കൊണ്ട് വരുന്നതാണെന്ന വ്യാജേന പച്ചക്കറികൾക്കിടയിൽ വെച്ച് ലഹരി ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തിയതിനു ശേഷം ഉയർന്ന വിലക്ക് കണ്ണൂർ ജില്ലയിലെ വിവിധ കടകളിലേക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. രാത്രി സമയത്ത് പച്ചക്കറി വണ്ടികളിൽ ലഹരി ഉത്പന്നങ്ങൾ കർണാടകയിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്നു എന്ന വിവരത്തെ തുടർന്ന് മട്ടന്നൂർ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പച്ചക്കറികൾക്കിടയിൽ ചാക്കിൽ കെട്ടി വെച്ച നിലയിലാണ് ലഹരി ഉത്പന്നങ്ങൾ ഉണ്ടായിരുന്നത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം മട്ടന്നൂർ ഇൻസ്‌പെക്ടർ എ ബിനു, എസ്ഐ ഫൈറൂസ് മുഹമ്മദ്, സിവിൽ പോലീസ് ഓഫീസർ മാരായ കെ രതീഷ്, ഷംസീർ അഹമ്മദ്, റിജിൽ എന്നിവരടങ്ങിയ സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ലഹരി മാഫിയയുടെ കണ്ണി അറുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' എന്ന പേരിൽ പോലീസ് പ്രത്യേക റെയ്ഡുകൾ സംഘടിപ്പിച്ചു വരുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
Content Highlight: Kannur

.jpeg)





.jpeg)






























