കണ്ണൂർ: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദത്തിലേക്ക് പോകരുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. വിവാദം കേരളത്തിന് ഗുണകരമല്ല. ആക്ഷേപം ഉന്നയിക്കുന്നവർതന്നെ വ്യക്തതവരുത്തണം. താൻ ഇത്തരത്തിൽ ആക്ഷേപങ്ങളൊന്നുംതന്നെ ഉന്നയിച്ചിട്ടില്ല. കരാർ വ്യവസ്ഥകൾ ലംഘിക്കാൻ സാധിക്കുന്നതല്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.വിഴിഞ്ഞം വിഷയത്തിൽ സർക്കാരിനെതിരേ സിപിഎം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് വ്യത്യസ്താഭിപ്രായവുമായി ഇ.പി. ജയരാജൻ രംഗത്തെത്തിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘അത് ആക്ഷേപമുന്നയിച്ചവരോട് ചോദിക്കണം’ എന്നായിരുന്നു ഇ.പി. ജയരാജൻ നൽകിയ മറുപടി.‘വിഴിഞ്ഞത്തിൽ വിവാദത്തിലേക്ക് പോകരുത്. അത് കേരളത്തിന് ഗുണകരമല്ല. വിവാദങ്ങളുണ്ടാക്കുക എന്ന പ്രവണതയാണ് കേരളത്തിൽ കണ്ടുവരുന്നത്. ഭരിക്കുന്ന മുന്നണിക്കും മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഭരണത്തിലല്ലതാത്പര്യം.വിവാദമുണ്ടാക്കാനും ശണ്ഠയുണ്ടാക്കാനുമാണ് അതീവതാത്പര്യം. അതുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ അതിന്റെ കരാർ വ്യവസ്ഥയനുസരിച്ച് വേഗത്തിൽ പൂർത്തീകരിക്കാനുള്ള താത്പര്യമാണ് സംസ്ഥാന സർക്കാർ കാണിക്കേണ്ടത്. കരാർ വ്യവസ്ഥയിൽനിന്ന് വ്യതിചലിക്കാതെയും സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയത്തക്ക നിലയിൽ ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്’, ജയരാജൻ പറഞ്ഞു.‘വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വിവാദത്തിലേക്ക് പോയി, അതിന്റെ പ്രവർത്തനങ്ങളെ നിർജീവമാക്കുന്നത് കേരളത്തിന് ഗുണകരമല്ല. അതുകൊണ്ട് മന്ത്രിമാരൊക്കെ ആ കാര്യത്തിൽ നല്ലതുപോലെ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. കേരളത്തിന്റെ പൊതുതാത്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്’, ഇ.പി. ജയരാജൻ പറഞ്ഞു.വിഴിഞ്ഞം വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ളവർ ഉന്നയിച്ച അഴിമതിയാരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്; ‘ഏതെങ്കിലും ആളുകൾക്ക് അഴിമതി നടന്നുവെന്ന പ്രശ്നങ്ങളുണ്ടെങ്കിൽ അവരത് ഉന്നയിക്കട്ടെ. ആരോപണങ്ങൾ ബന്ധപ്പെട്ട മന്ത്രിമാർ, വിജിലൻസ് തുടങ്ങിയ സംവിധാനങ്ങൾ അന്വേഷിക്കട്ടെ. ഞാൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. ആരാണോ ആക്ഷേപം ഉന്നയിച്ചത് അവരോട് ചോദിച്ച് കാര്യം വ്യക്തമാക്കുന്നതായിരിക്കും നല്ലത്’, അദ്ദേഹം മറുപടി നൽകി.വിഴിഞ്ഞം വിഷയത്തിൽ ദേശാഭിമാനിയിൽ വന്ന വാർത്തയും എം.വി. ഗോവിന്ദന്റെ മറുപടിയുമായി ബന്ധപ്പെട്ട ചോദ്യത്തിനും ജയരാജൻ മറുപടി നൽകി. ‘സിപിഎമ്മിന്, എൽഡിഎഫിന് ഈ വിഷയത്തിൽ ഒരു ആശയക്കുഴപ്പവുമില്ല. കാരണം, കരാർ വ്യവസ്ഥ ലംഘിക്കാൻ സാധ്യമല്ല. ആ കരാർവ്യവസ്ഥയിൽ എന്തെങ്കിലും മാറ്റംവരുത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റേയും കേന്ദ്രസർക്കാരിന്റേയും അനുവാദത്തോടുകൂടി മാത്രമേ സാധിക്കൂ. അല്ലെങ്കിൽ അതിൽ ഏതെങ്കിലും ഒരു കരാറുകാരന് മാത്രമായി ഭേദഗതി വരുത്താനോ, അവർക്ക് പുറംകരാർ ഉണ്ടാക്കാനോ, കരാറിൽ ആരെയെങ്കിലും ഓഹരി ഉടമകളാക്കി ചേർക്കാനോ സാധിക്കില്ല. അത് കരാർ വ്യവസ്ഥയുടെ ലംഘനമാണ്. അങ്ങനെ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ സർക്കാരിന്റെ അനുമതി വാങ്ങണം. അദാനിതന്നെ ആ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതാണ്. ഇപ്പോൾ ഇതിൽ തർക്കമുണ്ടെന്ന് തോന്നുന്നില്ല’, ജയരാജൻ പറഞ്ഞു.
Content Highlight: Epjayarajan






































