ദില്ലി: നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ദില്ലി കോടതിയിൽ. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് ഇഡിയുടെ വാദം. കേസിൽ ഏപ്രിൽ 15-ന് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്മേലുള്ള വാദം തുടങ്ങിയപ്പോഴാണ് ഇരുവർക്കുമെതിരെ നിർണായകമായ കണ്ടെത്തലുകൾ നടത്തിയെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കുന്നത്.
2008-ലാണ് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് നാഷണൽ ഹെറാൾഡ് പത്രം പൂട്ടിയത്. 2010-ൽ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുെ ചേർന്ന് രൂപീകരിച്ച യങ് ഇന്ത്യൻ എന്ന കമ്പനി നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് വാങ്ങുന്നത് തുച്ഛമായ തുകയ്ക്കാണ്. ദില്ലി, ലഖ്നൗ, മുംബൈ അടക്കമുള്ള നഗരങ്ങളിൽ രണ്ടായിരം കോടിയോളം വില മതിക്കുന്ന കെട്ടിടങ്ങൾ ഇതോടെ സോണിയയുടെയും രാഹുലിന്റെയും സ്വന്തമായി എന്ന് ഇഡി പറയുന്നു. യങ് ഇന്ത്യന്റെ 76% ഓഹരികളും രാഹുൽ ഗാന്ധിയുടെ പേരിലായിരുന്നു എന്നതിന് തെളിവുണ്ടെന്നും ഇഡി കോടതിയിൽ അറിയിക്കുന്നു. ജൂലൈ 2 മുതൽ എട്ടാം തീയതി വരെ കേസിൽ തുടർച്ചയായി വാദം കേൾക്കുമെന്ന് ദില്ലി റോസ് അവന്യൂ കോടതി അറിയിച്ചു.
Nationalheraldcase