ഇരിട്ടി: ഗാന്ധിജിയുടെ ഘാതകൻ ഗോഡ്സെയെ മഹത്വവൽക്കരിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്നും ഫാഷിസ്റ്റ് സർക്കാർ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് നിയമ വ്യവസ്ഥയെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് അഡ്വ എസ് മുഹമ്മദ് പറഞ്ഞു.
ഗാന്ധിജിയുടെ ഘാതകൻ ഗോഡ്സെയെ മഹത്വവൽക്കരിക്കുകയാണ് രാജ്യം ഭരിക്കുന്ന സർക്കാർ ചെയ്യുന്നത്. രാജ്യത്തിന് സ്വാതന്ത്യം നേടിത്തന്നവരെ അപമാനിക്കുകയാണെന്നും ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ അപകടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി സി എച്ച് സൗധത്തിൽ വെച്ച് സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണവും ജന പ്രതിനിധികൾക്കുള്ള ആദരവും പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡൻ്റ് തറാൽ ഈസ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി ജനപ്രതിനിധികളെ ആദരിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഹനീഫ ഇരിട്ടി, കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അർഷിന ഷെറിൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ് മുഖ്യ പ്രഭാഷണം നടത്തി.എൻ കെ ഷറഫുദ്ധീൻ സ്വാഗതവും കെ പി ജാസിർ നന്ദിയും പറഞ്ഞു. എം.കെ മുഹമ്മദ്, എം.കെ ഹാരിസ് , വി പി റഷീദ് , സി മുസ്തഫ, വി. പി നാസർ , കണിയാറക്കൽ മുഹമ്മദലി , തറാൽ ഹംസ , പി കെ ബൽക്കീസ് , എൻ കെ സക്കരിയ തുടങ്ങിയവർ സംസാരിച്ചു.
The judiciary is a concern for the Indian people