കണ്ണൂര്‍ : ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി തയ്യില്‍ ഉരുവച്ചാല്‍ വടക്കന്‍കോവില്‍ വീട്ടില്‍ വി.കെ. രത്‌നവല്ലി, കെ.പി. ദേവരാജന്‍ ദമ്പതികള്‍ക്ക് നിര്‍മിച്ചു നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറി. ജനങ്ങള്‍ തീരുമാനിച്ചാല്‍ എന്തും സാധ്യമാണെന്നതിന്റെ മികച്ച ഉദാഹരണമാണീ സ്‌നേഹവീടെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും സഹകരണവും പങ്കുവക്കലുമാണ് നമ്മുടെ നാടിന്റെ മുഖമുദ്രയെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
10.5 ലക്ഷം രൂപ മുടക്കിയാണ് രണ്ടര സെന്ററില്‍ സൊസൈറ്റി വീട് നിര്‍മിച്ചു നല്‍കിയത്. സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുഷ്‌പോത്സവത്തില്‍ നിന്നുള്ള ലാഭമാണ് സന്നദ്ധ പ്രവര്‍ത്തനത്തിനായി ചെലവഴിച്ചത്. ഗൃഹോപകരണങ്ങള്‍ സോസൈറ്റിയിലെ മറ്റു മെമ്പര്‍മാര്‍ സ്‌പോണ്‍സര്‍ ചെയ്തു. നിര്‍മ്മാണ സാമഗ്രികള്‍ കടത്തുകൂലി ഇല്ലാതെ നാട്ടുകാര്‍ സന്നദ്ധ പ്രവര്‍ത്തനമായി നിര്‍മ്മാണ സ്ഥലത്ത് എത്തിച്ചു നല്‍കി. നാട്ടുകാരും സംഘാടക സമിതിയില്‍ ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ നാലു മാസം കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയായത്.

പരിപാടിയില്‍ എ.ഡി.എം കലാ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി.എച്ച് ആസിമ, അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി രത്‌നാകരന്‍, വൈസ് പ്രസിഡന്റുമാരായ ബിപി റൗഫ്, ഡോ. കെ.സി വത്സല, കെ. ഷഹറാസ് എന്നിവര്‍ സംസാരിച്ചു.
Ramachandrankadannappalli