കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ. മലയാളികളുടെ പ്രിയപ്പെട്ട ആശാൻ. ഇവാൻ വുകോമനോവിച്ച് മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകളുമായി എത്തിയിരിക്കുകയാണ്. ഒപ്പം സിനിമാ വിശേഷവും.
മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം 'കരം' സിനിമയിലൂടെ ഇനി അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച്. ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അദ്ദേഹം എത്താനൊരുങ്ങുന്നത്.

''ലോകമെമ്പാടുമുള്ള എന്‍റെ സ്വന്തം മലയാളികളേ… എന്‍റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ! ഞാൻ തിരിച്ചെത്തുന്നു, ഇത്തവണ ഒരു പരിശീലകനായല്ല, ഒരു നടനായാണ്'' എന്നായിരുന്നു വീഡിയോ പങ്കിട്ട് സിനിമാ വിശേഷം പറഞ്ഞുകൊണ്ടാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞത്.
ആകാംക്ഷ നിറയ്ക്കുന്നതും വിസ്മയം നിറയ്ക്കുന്നതുമായ ഒട്ടേറെ രംഗങ്ങളുമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിനീത് തന്‍റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്.
കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം.
മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.
Thiruvanaththapuram