കണ്ണൂർ : തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് മലയാളം വിഭാഗം അസി. പ്രൊഫസർ ഡോ. ടി. അണിമ എഴുതിയ 'കൊട്ടിയൂർ പുരാവൃത്തവും വർത്തമാനവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു. മഹാത്മാ കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ചരിത്ര ഗവേഷകൻ എം ജി ശശിഭൂഷൺ ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ചു. അജയപുരം ജ്യോതിഷ് കുമാർ പുസ്തകത്തെ പരിചയപ്പെടുത്തി. എം ജി കോളേജ് പ്രിൻസിപ്പാൾ ആദ്യ പ്രതി ഏറ്റുവാങ്ങി. പരിധി പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. ചൊക്ലി നിടുമ്പ്രം സ്വദേശിനിയായ അണിമ 'കൊട്ടിയൂർ പുരാവൃത്തവും വർത്തമാനവും നാടോടി വിജ്ഞാനീയ പഠനം' എന്ന വിഷയത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്. തന്റെ തന്നെ ഗവേഷണ പ്രബന്ധത്തിന്റെ സംക്ഷിപ്‌ത രൂപമാണ് പുസ്തകരൂപത്തിൽ ഡോ. അണിമ പുറത്തിറക്കിയിരിക്കുന്നത്. കൊട്ടിയൂർ ക്ഷേത്ര ആചാര അനുഷ്ടാനങ്ങളെ കുറിച്ച് കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഗവേഷക വിദ്യാർത്ഥികൾക്കും ഒരേപോലെ പ്രയോജനപ്പെടുന്നതാണ് ഈ ഗ്രന്ഥമെന്ന് പ്രകാശന കർമ്മം നിർവഹിച്ചുകൊണ്ട് ഡോ. ശശിഭൂഷൺ അഭിപ്രായപ്പെട്ടു. കൊട്ടിയൂരിന്റെ വ്യതിരിക്തമായ ആചാര അനുഷ്ടാനങ്ങളെ കുറിച്ചും, വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ കൊട്ടിയൂർ കൂട്ടായ്മയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊട്ടിയൂരിനെ കുറിച്ച് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഏക ഗവേഷണ പ്രബന്ധം ഡോ. അണിമയുടേതാണ്. പരിധി പുബ്ലിക്കേഷൻസ് ഓൺലൈനായും പുസ്തകം ആവശ്യക്കാർക്ക് ലഭ്യമാകുന്നുണ്ട്.
'Kottiyoor HVarthamanavum Puravruthavam'






































