കേളകം : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ. കേളകത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്. പ്രധാനമായും വന്യജീവി പ്രശ്നം, കാർഷിക മേഖല നേരിടുന്ന വില തകർച്ച അടക്കമുള്ള മറ്റു വിഷയങ്ങൾ ഉൾപ്പെടെ 35 ആവശ്യങ്ങളാണ് കിഫയുടെ കർഷക അവകാശ പത്രികയിൽ ഉള്ളത്.
കർഷകരുടെ കൃഷിയിടത്തിൽ എത്തുന്ന വന്യജീവികളെ നേരിടാനും, കൊല്ലാനുമുള്ള അവകാശം 'സെൽഫ് ഡിഫെൻസ് ' ( വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 11 (2) വിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ) പ്രകാരം കേസെടുക്കുകയില്ല എന്ന തീരുമാനം, വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങൾക്ക് മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് മാനദണ്ഡം പോലെയുള്ള നഷ്ടപരിഹാരം, വിള നാശത്തിന് വിളയുടെ ലൈഫ് കണക്കാക്കിയുള്ള വിപണി വില ഉറപ്പുവരുത്തുന്ന നഷ്ടപരിഹാരം എന്നിവയാണ് ആവശ്യങ്ങളിൽ മുഖ്യം. രാഷ്ട്രീയപാർട്ടികൾ കർഷകരുടെ ഈ ആവശ്യങ്ങൾ ചെയ്തു തരുമെന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയും, ഉറപ്പുകൾ തരുകയും വേണമെന്ന് കിഫ ചെയർമാൻ പറഞ്ഞു. അതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർണ്ണമായും സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഈ അവസ്ഥയിൽ ഇനി കേരളത്തിലെ കർഷകർക്ക് മുന്നോട്ടുപോകുക സാധ്യമല്ല. കർഷകരുടെ നിലനിൽപ്പിന്റെ വിഷയങ്ങളാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയപാർട്ടികൾ ഇക്കാര്യങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ കിഫ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 78 മണ്ഡലങ്ങളിലാണ് വന്യജീവി പ്രശ്നങ്ങൾ ഉള്ളത്. ഇതിൽ 30 മലയോര മണ്ഡലങ്ങളിൽ പ്രശ്നം അതി രൂക്ഷമാണ്. ഈ മണ്ഡലങ്ങൾ കിഫ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ഇതിൽ പേരാവൂരും, ഇരിക്കൂറും ഉൾപ്പെടും. തങ്ങൾ ഉന്നയിക്കുന്ന കർഷക ആവശ്യങ്ങൾ മുന്നണികൾ പരിഗണിക്കുന്നില്ല എങ്കിൽ ഈ 30 മണ്ഡലങ്ങളിൽ കിഫയുടെ സ്ഥാനാർത്ഥികൾ ഉണ്ടാവും. കിഫ ഒരു രാഷ്ട്രീയപാർട്ടി അല്ല, എന്നാൽ തങ്ങൾ മത്സരിക്കുന്ന സാഹചര്യം വന്നാൽ അത് ഇവിടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ ജയപരാജയങ്ങളിൽ നിർണായക ഘടകം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള ആൾബലവും, സംഘടനാശക്തിയും കിഫയ്ക്ക് ഈ മണ്ഡലങ്ങളിൽ ഉണ്ട്. ഇക്കാര്യങ്ങൾ കർഷകരുമായി ചർച്ച ചെയ്യുകയും, അവരുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ ഇതിന്റെ തുടർ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിൽ കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് പ്രിൻസ് ദേവസ്യ, സെക്രട്ടറി റോബിൻ എം ജെ, കേളകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മാത്യു തൈവേലിക്കകത്ത്, കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിൽസൺ വടക്കയിൽ, ആറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിൽസൺ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
Kifa






































