കൊച്ചി:ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതൽ പേർ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക പാളി കേസിൽ രണ്ട് പേരെയും കട്ടിള പാളി കേസിൽ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ആകെ നാല് പേരുടെ പങ്കാളിത്തത്തിൽ കൂടുതൽ പരിശോധന നടത്തിയെന്നും കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്നും എസ്ഐടി വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേടിൽ സംസ്ഥാന വിജിലൻസ് ഡയറക്ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
കൊടിമരത്തിന്റെ നിർമ്മാണവും ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും, രേഖകളും, മഹസറുകളും, അക്കൗണ്ടുകളും, അനുബന്ധ രേഖകളും, കൈമാറാനാണ് നിർദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.
സ്പോൺസർമാരുടെ മൊഴികൾ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വർണപ്പാളികൾ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. യഥാർത്ഥ പാളികളാണോ ഇപ്പോഴുള്ളത് എന്നതിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിന് കീഴിലുള്ള നാഷണൽ ലാബിൽ പരിശോധന നടത്തും.
ദ്വാരപാലക, കട്ടിളപാളികൾ പോറ്റിയും സംഘവും അപ്പാടെ മാറ്റിയോ എന്നതിൽ ഇപ്പോഴും ഉത്തരമായില്ല. വി.എസ്.എസ്.സിയിലായിരുന്നു പരിശോധനയെങ്കിലും യഥാർത്ഥ പാളികൾ തന്നെയാണോ എന്നതിൽ ആശയക്കുഴപ്പമുണ്ട്. ചെമ്പ് ഷീറ്റുകളുടെ ഘടനയിൽ നേരിയ വ്യത്യാസം ഉണ്ടെങ്കിലും പാളികൾ അപ്പാടെ മാറ്റിയോ എന്ന് വിദഗ്ധർ സ്ഥിരീകരിക്കുന്നില്ല. അതിനാലാണ് പാളികളിലെ സാമ്പിൽ വീണ്ടും ശേഖരിക്കണമെന്നും മുംബൈ ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിന് കീഴിലുള്ള ലാബിലും പരിശോധന നടത്താൻ അനുമതി വേണമെന്നും എസ്ഐടി ആവശ്യപ്പെട്ടത്.
ഈമാസം 12 ന് സന്നിധാനത്തെത്തി പാളികളിലെ സാമ്പിൽ ശേഖരിക്കാൻ കോടതി അനുമതി നൽകി. കൂടാതെ പാളികളിൽ ഇപ്പോഴുള്ള സ്വർണത്തിന്‍റെ യഥാർത്ഥ അളവും ഈ പരിശോധനയിൽ കണ്ടെത്താനും കഴിയും.
Sabarimala



.jpeg)





.jpeg)



























