പേരാവൂർ: പേരാവൂരിൽ പേ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരാവൂർ മഹല്ല് കമ്മറ്റിയുമായി സഹകരിച്ചാണ് പാർക്കിങ്ങ് സ്ഥലം കണ്ടെത്തിയത്. പേരാവൂർ-ഇരിട്ടി റോഡിൽ മുസ്‌ലിം പള്ളിക്ക് സമീപം മഹല്ല് കമ്മറ്റിയുടെ സ്ഥലത്താണ് പേ പാർക്കിങ്ങ് ഒരുക്കുന്നത്.
പേ പാർക്കിങ്ങ് വെള്ളിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. പഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ മുഖ്യാതിഥിയാവും. പേ പാർക്കിങ്ങ് നിലവിൽ വരുന്നതോടെ പേരാവൂരിലെ വാഹന പാർക്കിങ്ങിന് നേരിയ ആശ്വാസം ലഭിക്കും. 21 സെന്റ് സ്ഥലമാണ് നിലവിൽ പാർക്കിങ്ങിന് ഒരുക്കുന്നത്. ഇരു ചക്രവാഹനങ്ങൾക്ക് മിനിമം 10 രൂപയും (രണ്ട് മണിക്കൂർ) ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 20 രൂപയുമാണ് (രണ്ട് മണിക്കൂർ) നിരക്ക്.
രാവിലെ മുതൽ ഉച്ചക്ക് രണ്ട് മണി വരെ 50 രൂപയും രാത്രി എട്ട് വരെ 100 രൂപയും ഈടാക്കും. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് തുടക്കത്തിൽ പോർക്കിങ്ങ് കേന്ദ്രം പ്രവർത്തിക്കുക. സ്ഥിരം പാർക്ക് ചെയ്യുന്നവർക്ക് ഇളവുകൾ ഉണ്ടായിരിക്കും. പേരാവൂർ ടൗണിൽ കൂടുതൽ പാർക്കിങ് സ്ഥലം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതർ. പുതിയ ബസ് സ്റ്റാൻഡിൽ നിലവിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയുന്ന സ്ഥലം പേ പാർക്കിങ്ങ് ആക്കി മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്. പഞ്ചായത്തിന്റെ സ്ഥലത്ത് സൗജന്യ പാർക്കിങ്ങ് ഏർപ്പെടുത്തിയാൽ പേരാവൂരിലെ പാർക്കിങ്ങ് പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരമാകും. തുടർ ദിവസങ്ങളിൽ ടൗണിലും, പുതിയ സ്റ്റാൻഡ് പരിസരത്തും നോ പാർക്കിങ്ങ് ഏരിയയകളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് പോലീസ് പിഴ ചുമത്തും.
Pay Parking in Peravoor





































