തിരുവനന്തപുരം:ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അയ്യപ്പ സംഗമത്തിനായി ചിലവാക്കിയ തുക ദേവസ്വം ബോർഡിന് കൈമാറിയെന്നാണ് മന്ത്രി സഭയിൽ പറഞ്ഞതെങ്കിലും മുഴുവൻ തുകയും നൽകിയിട്ടില്ലെന്നും മറുപടി വ്യാജമാണെന്നും ചെന്നിത്തല ആരോപിച്ചു.
സർക്കാർ ചിലവിൽ സംഗമം നടത്തില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ, നിയമസഭയിൽ ഇതിന് വിരുദ്ധമായ മറുപടി നൽകിയത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിലും ഹൈക്കോടതിയിലും നൽകിയ കണക്കുകളിൽ എന്തുകൊണ്ടാണ് ഇത്രയും വലിയ വൈരുദ്ധ്യം വന്നതെന്ന് സർക്കാരും ദേവസ്വം ബോർഡും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയ്യപ്പ സംഗമത്തിന്റെ മറവിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും ചെന്നിത്തല കുറ്റപ്പെടുത്തി. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയിൽ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും, വേദിയിൽ വിഐപി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നടക്കാത്ത ഭജനയുടെ പേരിൽ, നന്ദഗോവിന്ദം ഭജൻസിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നും ബില്ലിൽ പറയുന്നു. അയ്യപ്പ സംഗമം സർക്കാർ സ്വയം പിടിച്ച പുലിവാലായി മാറിയിരിക്കുകയാണ്. മന്ത്രിയും ദേവസ്വം ബോർഡും തമ്മിൽ കണക്കുകളുടെ കാര്യത്തിൽ ഭിന്നതയുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സാധാരണ പൗരന് അറിയേണ്ട എല്ലാ കാര്യങ്ങളും സർക്കാർ പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
thiruvanathapuram





.jpeg)





.jpeg)



.jpeg)
.jpeg)




















