കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാഥവ് മറുപടി നല്‍കിയത്. 2016-ല്‍ കോഴിക്കോട് കിനാലൂര്‍ , തിരുവനന്തപുരം കാട്ടാക്കട , കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ ഉള്‍പ്പെടുത്തി എയിംസ് സ്ഥാപിക്കാന്‍ കേരളം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും 2025 ല്‍ കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ടെന്നും മറുപടിയില്‍ കേന്ദ്രം സൂചിപ്പിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് നിലവില്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വീണ്ടും സാവകാശം തേടിയിരുന്നു. സാമ്പത്തിക വര്‍ഷം അവസാനമായതുകൊണ്ട് ധനകാര്യ വകുപ്പില്‍ നിന്ന് വിശദീകരണം കിട്ടിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേനെ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. മറുപടി നല്‍കാന്‍ ഏപ്രില്‍ 10വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്.കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച ഘട്ടത്തിലാണ് 21 എയിംസുകള്‍ക്ക് രാജ്യത്തുടനീളം അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനങ്ങള്‍ക്ക് എയിംസ് നല്‍കുന്നതിന്റെ മാനദണ്ഡം എന്തെന്ന് കോടതി ആരാഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
Aimskerala






































