തളിപ്പറമ്പ് : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് സർ സയ്യിദ് കോളേജ് വനശാസ്ത്ര വിഭാഗത്തിന്റെയും കേരള വനം വന്യജീവി വകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു.പന്ത്രണ്ടാം ചാൽ ഇക്കൊപാർക്കിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ വി സി ബാലകൃഷ്ണന്റെയും പക്ഷിനിരീക്ഷക കെ കെ ലതികയുടെയും നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിൽ ധാരാളം അപൂർവ സസ്യങ്ങളും ഷഡ്പദങ്ങളും ഫംഗസുകളും രേഖപ്പെടുത്തുകയുണ്ടായി.ആവാസവ്യവസ്ഥയുടെ ശോഷണം മൂലം കടുത്ത വംശനാശഭീഷണി നേരിടുന്ന ആറ്റു ചാമ്പത്തൈകൾ പ്രദേശത്ത് നട്ടുപിടിപ്പിച്ചു. കേരളത്തിൽ അപൂർവ്വം ഇടങ്ങളിൽ മാത്രം കാണപ്പെടുന്ന ആറ്റു ചാമ്പകൾ പന്ത്രണ്ടാം ചാലിൽ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ഈ ആവാസവ്യവസ്ഥയെ കരുതലോടെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഞാവലുകളിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠനം നടത്തുന്ന കോളേജിലെ വനശാസ്ത്ര വിഭാഗം അധ്യാപിക സി.സ്നേഹ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംബന്ധിച്ച തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ തുടർ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വനംവകുപ്പിന്റെ എല്ലാ പിന്തുണയുംവാഗ്ദാനം ചെയ്തു. തലശ്ശേരി ഗവൺമെൻറ് കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. തോംസൺ മണി, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് വനശാസ്ത്ര വിഭാഗം മേധാവി അസ്ഹർ അലി, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ജീവനക്കാർ , വനശാസ്ത്ര വിഭാഗം വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Content Highlight: Environmentalday







































