#Pulppally Rotary Club #Dialysis Support #Wayanad News #Paul V Tom #Charity
വയനാട് : സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ മുടങ്ങുന്ന നിർധനരായ വൃക്കരോഗികൾക്ക് ആശ്വാസമായി പുൽപ്പള്ളി പെപ്പർ ടൗൺ റോട്ടറി ക്ലബ്ബിന്റെ 'കിഡ്നി കെയർ ചാരിറ്റബിൾ ട്രസ്റ്റ്' പ്രവർത്തനം തുടങ്ങി.റോട്ടറി ക്ലബ് മുൻ പ്രസിഡന്റും മരകാവ് സ്വദേശിയുമായ പോൾ വി. ടോമിന്റെ ആശയത്തിൽ നിന്നാണ് ഈ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായത്. തന്റെ പിതാവ് ടോമി വടക്കാഞ്ചേരിക്ക് വൃക്കരോഗം ബാധിച്ച് ഡയാലിസ് ചെയ്യേണ്ടി വന്നപ്പോൾ സാധാരണക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പോൾ നേരിട്ട് കണ്ടു. നിർധനരായ രോഗികളെ സഹായിക്കണമെന്ന പിതാവിന്റെ ആഗ്രഹം കൂടിയായതോടെ പോൾ ഈ ആശയം റോട്ടറി ക്ലബ്ബിൽ അവതരിപ്പിച്ചു. ക്ലബ് അംഗങ്ങളുടെ പൂർണ പിന്തുണയോടെ 'കിഡ്നി കെയർ' യാഥാർത്ഥ്യമായി.ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. നിലവിൽ 9 നിർധന രോഗികൾക്കാണ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് സഹായം നൽകിവരുന്നത്.
ഒരു വൃക്കരോഗിക്ക് മാസത്തിൽ 13 മുതൽ 14 വരെ ഡയാലിസ് ആവശ്യമായി വരും. ഒരു ഡയാലിസിന് 1000 രൂപ വീതം ചെലവ് വരുന്നതിനാൽ ഒരു രോഗിക്ക് പ്രതിമാസം 13000 മുതൽ 14000 രൂപ വരെ ചെലവുണ്ട്. ഈ ഭാരം കുറയ്ക്കുന്നതിനായി ഓരോ ഡയാലിസിനും 1000 രൂപ വീതം സ്പോൺസർ ചെയ്ത് റോട്ടറി ക്ലബ് അംഗങ്ങളും നിരവധി സുമനസ്സുകളും ഈ കാരുണ്യയാത്രയിൽ പങ്കാളികളാകുന്നു.പിതാവിന്റെ വേർപാടിന് ശേഷവും അദ്ദേഹം പകർന്നുനൽകിയ സേവന മനോഭാവം നെഞ്ചിലേറ്റിയാണ് പോൾ വി. ടോം ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. റോട്ടറി ക്ലബ് പ്രസിഡന്റ് വി.ആർ. സതീഷ്, സെക്രട്ടറി അരുൺ ജോസി, മറ്റ് അംഗങ്ങൾ എന്നിവരുടെ സഹകരണവും പദ്ധതിക്ക് കരുത്തുപകർന്നു. പോളിന്റെ മാതാവ് എൽസി, ഭാര്യ ടെസ്ലിൻ, മക്കളായ തോമസ് പോൾ, എൽസ മരിയ, അഡോണ മരിയ എന്നിവരും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.അനേകം വൃക്കരോഗികൾക്ക് ജീവിത പ്രതീക്ഷ നൽകുന്ന മാതൃകാപരമായ പദ്ധതിയാണ് 'കിഡ്നി കെയർ'.
Content Highlight: Pulppally Rotary Club Launches Kidney Care to Support Poor Dialysis Patients in Wayanad
#Pulppally Rotary Club #Dialysis Support #Wayanad News #Paul V Tom #Charity







































