വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വില്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറത്തല വീട്ടിൽ, അമൽ ശിവൻ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സേനയും മാനന്തവാടി ഡിവൈഎസ്പിയുടെ സ്ക്വാഡും വെള്ളമുണ്ട പോലീസും ചേർന്ന് പിടികൂടിയത്.
തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ വധശ്രമത്തിനും, തുമ്പ പോലീസ് സ്റ്റേഷനിൽ മോഷണ കുറ്റത്തിനും, തിരുവല്ലം, നെയ്യാർഡാം, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളിൽ മറ്റു കുറ്റകൃത്യങ്ങൾക്കും ഇയാൾക്കെതിരെ കേസുകളുണ്ട്. കേസുകളിൽ ജാമ്യമെടുത്ത് വയനാട്, പടിഞ്ഞാറത്തറയിൽ ഏഴു മാസത്തോളമായി വാടകക്ക് താമസിച്ചു വരുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും എം,ഡി.എം.എ വാങ്ങി പടിഞ്ഞാറത്തറയിൽ എത്തിച്ചായിരുന്നു വിൽപ്പന. വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

22-07-2025 തീയ്യതി പുലർച്ചെ ആറുവാൾ, പുഴക്കൽ പീടികയിൽ വെച്ചാണ് അമൽ ശിവൻ വലയിലാകുന്നത്. KL-22-R-8631 നമ്പർ യമഹ എം.ടി ബൈക്കിന്റെ സീറ്റിനടിയിൽ ടൂൾ കിറ്റ് വെക്കുന്ന ഭാഗത്ത് ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. സിഗരറ്റ് പായ്ക്കറ്റിനുള്ളിലായി രണ്ട് പ്ലാസ്റ്റിക്കിൻ്റെ കവറുകളിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.
ഇയാൾ വാടകയ്ക്ക് താമസിക്കുന്ന പടിഞ്ഞാറത്തറയിലുള്ള വാടക വീട്ടിലും പോലീസ് പരിശോധന നടത്തി. എം ഡി എം എ വിവിധ ആളുകൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 38 ട്രാൻസ്പരൻ്റ് കവറുകൾ ഇവിടെ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസവും ജില്ലയിൽ കൊമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എ പിടികൂടിയിരുന്നു. വെള്ളമുണ്ട എസ് എച്ച് ഓ ടി.കെ. മിനിമോൾ, എസ്.ഐ മാരായ ഷമീർ, രാജേഷ്, എ.എസ്.ഐ സജി, എസ്.സി.പി.ഓ മാരായ ഷംസുദ്ധീൻ, അനസ്, സി.പി.ഓ മാരായ റാഷിദ്, സുഹൈൽ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Wayanad