കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടി പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്കെത്തിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 30 ആണ് ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് എത്തിച്ചത്.
ഇന്നലെ പുലർച്ചയോടെയാണ് ഗോവിന്ദചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയത്.മണിക്കൂറുകൾക്കകം തന്നെ പോലീസിന്റെ പിടിയിലാവുകയും ചെയ്തു.ദീർഘനാളായി ജയിൽ ചാടാനായി പദ്ധതി ഇട്ടിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി എന്നാണ് പറയുന്നത്.ജയിൽ ചാടിയാൽ ആളെ തിരിച്ചറിയാതിരിക്കാൻ ആയി അലർജി ഉണ്ടെന്ന കാരണം പറഞ്ഞ് താടി വടിക്കാതെ രൂപം മാറ്റിയിരുന്നു.ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണത്തിലും ക്രമീകരണം വരുത്തിയിരുന്നു.ജയിലിന്റെ കമ്പി മുറിക്കുന്നതിനായി ചെറിയ ആയുധം സ്വരൂപിക്കുകയും ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെ വസ്ത്രം കൂട്ടിക്കെട്ടി ജയിൽ ചാടുന്നതിനുള്ള വടമാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു.ജയിലിനു മുകളിലുള്ള ഫെൻസിങ്ങിൽ മാസങ്ങളായി വൈദ്യുതി പ്രവഹിക്കാത്തതും ഗോവിന്ദച്ചാമിക്ക് ജയിൽ ചാടുന്നതിന് തുണയായി.പക്ഷേ ജയിൽ ചാടി മണിക്കൂറുകൾക്കകം തന്നെ സമീപ കെട്ടിടത്തിന്റെ കിണറിൽ നിന്നും ഗോവിന്ദച്ചാമിയെ പിടികൂടാൻ പോലീസിന് സാധിച്ചു.കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എന്നാൽ വീണ്ടും ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ തന്നെ പാർപ്പിക്കുക എന്നത് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് അതീവ സുരക്ഷ ജയിലായ വിയ്യൂരിലേക്ക് മാറ്റാൻ തീരുമാനമായത്.

കൊടും കുറ്റവാളികളായവരെ പാർപ്പിക്കുന്ന ജയിലാണ് വിയ്യൂർ അതീവ സുരക്ഷാ ജയിൽ '536 പേരെ പാർപ്പിക്കാൻ ഇടമുള്ള ഇവിടുത്തെ ജയിലിൽ നിലവിൽ 125 കുറ്റവാളികൾ ആണ് ഉള്ളത് ഇവർക്കിടയിലേക്കാണ് ഗോവിന്ദച്ചാമിയെ എത്തിച്ചിട്ടുള്ളത്.സെൻട്രൽ ജയിലുകളെ സംബന്ധിച്ച് അതീവ സുരക്ഷാ സംവിധാനമാണ് വിയ്യൂർ സെൻട്രൽ ജയിലിൽ ഉള്ളത്. 4.2 രണ്ട് മീറ്റർ ഉയരത്തിലുള്ള സെല്ലുകളിൽ സിസിടിവി സംവിധാനങ്ങൾ വരെ ഘടിപ്പിച്ചിട്ടുമുണ്ട്.സെല്ലുകളിലുള്ളവർക്ക് പരസ്പരം കാണുവാനോ സംസാരിക്കുവാനോ കഴിയുകയില്ല.കഴിക്കുവാൻ പോലും ഇവരെ പുറത്തേക്ക് ഇറക്കാറുമില്ല.ജയിലിനു ചുറ്റും ആറ് മീറ്റർ ഉയരത്തിൽ700 മീറ്റർ ചുറ്റളവിൽ മതിലും അതിനുമുകളിൽ 10 അടി ഉയരത്തിൽ വൈദ്യുത വേലിയും സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ നാല് വാച്ച് കവറുകളും 24 മണിക്കൂറും ആയുധധാരികളായ സുരക്ഷ ഉദ്യോഗസ്ഥരും ഉള്ള ജയിൽ കൂടിയാണ് വിയ്യൂരിലെ അതീവ സുരക്ഷ ജയിൽ.
Govindachamiinviyyoor