ഇരിട്ടി : കഴിഞ്ഞ ദിവസം പെയ്ത് കനത്ത മഴയിൽ കോടികളുടെ നാശനഷ്ടമാണ് മലയോര മേഖലയിൽ സംഭവിച്ചിരിക്കുന്നത് . കനത്ത മഴയിൽ ആറളം ,അയ്യൻകുന്ന് പായം, തില്ലങ്കേരി തുടങ്ങി എല്ലാ പഞ്ചായത്തുകളിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത് . കൃഷിയും വീടും റോഡും പാലങ്ങളും മഴയിൽ നശിച്ചു . മണ്ണിടിഞ്ഞ് വീണ് വീടുകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചു . വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തി മരങ്ങൾ പാലത്തിൽ തടഞ്ഞുനിന്ന് പുഴ കരകവിഞ്ഞ് ഒഴുകിയതിൽ അപ്രോച്ച് റോഡും സംരക്ഷണ ഭിത്തി ഉൾപ്പെടെ ഒഴുകിപോയി .
ആറളം പഞ്ചായത്തിൽ എടൂർ കരിക്കോട്ടക്കരി മലയോര ഹൈവേയിൽ വെമ്പുഴ കരകവിഞ്ഞ് ഒഴുകിയ സിമിത്തേരി കുന്നിന് സമീപം റോഡിലെ ടാറും മിറ്റിലും ഒഴുകിപ്പോയ ഭാഗം വലിയ ഗർത്തം രൂപപ്പെട്ടു . തകർന്ന റോഡിൽ റിബൺ കെട്ടിതിരിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് സംവിധാനം ഒരുക്കി . സമീപത്തിലെ പാലത്തിൽ വലിയ മരങ്ങളും മറ്റും ഒഴുകി വന്ന് തങ്ങി നിന്നതോടെയാണ് വെമ്പുഴ കരകവിഞ്ഞ് ഒഴുകി മലയോര ഹൈവേയിൽ വെള്ളം കയറിയത് . പുഴ കരകവിഞ്ഞ് ഒഴുകിയതോടെ രണ്ട് വീടുകളിലും വെള്ളം കയറിയിരുന്നു . മഴ ശമിച്ചതോടെ പ്രദേശവാസികൾ പാലത്തിൽ കുടുങ്ങിയ മരങ്ങളും മറ്റും മുറിച്ചുമാറ്റി .

സംരക്ഷണ ഭിത്തി ഇടിഞ്ഞു
മലയോര ഹൈവേയിൽ എടൂരിന് സമീപം വെമ്പുഴയിൽ നിർമ്മാണം പുരോഗമിക്കുന്ന സംരക്ഷണഭിത്തിയുടെ അടിഭാഗം വെള്ളപ്പാച്ചിലിൽ ഒഴുകി പോയി . പുഴയിൽ നിന്നും കെട്ടി കയറിയ കരിങ്കൽ ഭിത്തിയുടെ അടിഭാഗമാണ് ഒഴുകി പോയത് . ഇതോടെ മൂന്ന് മീറ്ററിൽ അധികം ഉയരത്തിൽ കെട്ടിയ സംരക്ഷണ ഭിത്തി അപകടത്തിൽ ആയിരിക്കുകയാണ് . സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കരിങ്കൽ കെട്ടും ഇടിഞ്ഞിട്ടുണ്ട് .
എടപ്പുഴ അംബദ്കർസങ്കേതത്തിൽ മണ്ണിടിച്ചിൽ
എടപ്പുഴ സങ്കേതത്തിൽ മോഹനന്റെ വീടിന് സമീപം ഉണ്ടായ ഉരുളുപൊട്ടലിന് സമാനമായ മണ്ണിടിച്ചിലിൽ കൃഷി നാശം സംഭവിച്ചു . വലിയ തോതിൽ മണ്ണിടിഞ്ഞു വീണെങ്കിലും മറ്റ് നാശനഷ്ടങ്ങൾ ഒന്നുമില്ല . എടപ്പുഴ ടൗണിലെ കെട്ടിടത്തിന്റെ തറയുടെ അടിഭാഗത്തെ കെട്ട് തകർന്നു . കെട്ടിടം ഭീഷണിയിലാണ് . വാളത്തോട് വീടിന്റെ മുറ്റത്തിന്റെ കെട്ടിടിഞ്ഞ് അപകടഭീഷണിയിൽ ആയി . മുണ്ടയാംപറമ്പ് മേഖലയിലും വ്യാപക നാശനഷ്ടം സംഭവിച്ചു . കാലയത്തിനാംകുഴി റെന്നിയുടെ കിണർ ഇടിഞ്ഞു താണു . ജോണി താന്നിക്കൽ , ബിജു കളത്തുവീട്ടീൽ എന്നിവരുടെ വീടിന്റെ പിൻവശത്തെ മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയിൽ ആയി . അബ്രാഹം നിരപ്പേലിന്റെ വാഴക്കൃഷി വ്യാപകമായി നശിച്ചു .
Heavyrain