തൃശൂര്‍: തീർത്ഥാടകർക്ക് ഇനി ചുരുങ്ങിയ ചിലവിൽ താമസിക്കാനുള്ള സൗകര്യമൊരുക്കി ഗുരുവായൂർ ദേവസ്വം. ദേവസ്വം പാഞ്ചജന്യം അനക്‌സ് റെസ്റ്റ് ഹൗസ് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഗുരുവായൂരില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ തെക്കേ നടയിലാണ് പാഞ്ചജന്യം അനക്‌സ് റെസ്റ്റ് ഹൗസ് നിര്‍മ്മിച്ചത്. മിതമായ നിരക്കിൽ താമസ സൗകര്യം ഒരുക്കുക എന്നതാണ് ദേവസ്വം ലക്ഷ്യമാക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ഥിരമായ ദീപവിതാനം, ആനക്കോട്ടയില്‍ 10 ആനക്കൂടാരങ്ങള്‍, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നവീകരിച്ച മൈതാനം എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മറ്റു പദ്ധതികള്‍. ഭക്തര്‍ക്ക് ആവശ്യമായ പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കുക സര്‍ക്കാര്‍ താല്‍പ്പര്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ അധ്യക്ഷനായി. ചടങ്ങില്‍ ക്ഷേത്രം തന്ത്രി പിസി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ കെ അക്ബര്‍ എം എല്‍ എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗം മനോജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Guruvayoor Devaswom