കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്.എൽ.സി) തുടങ്ങി. ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിലാണ് പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
ആഗസ്റ്റ് 23 വരെ കണ്ണൂർ താലൂക്ക് ഓഫീസ് വളപ്പിലെ ഇലക്ഷൻ വെയർ ഹൗസിന് സമീപം പ്രത്യേകം സജ്ജീകരിച്ച ഹാളിലും കണ്ണൂർ കോർപറേഷന്റെ പുഴാതി സോണൽ ഓഫീസിലെ ഇലക്ഷൻ വെയർ ഹൗസിലുമായി പരിശോധന തുടരും. ജില്ലയിൽ 3611 കൺട്രോൾ യൂനിറ്റുകൾ, 9703 ബാലറ്റ് യൂനിറ്റുകൾ എന്നിവയാണ് പരിശോധിക്കാനുള്ളത്.

ഇവിഎം നിർമ്മാതാക്കളായ ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ട് എൻജിനീയർമാരാണ് സാങ്കേതിക സഹായം നൽകുന്നത്. അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന. ഹാളിലേക്കുള്ള പ്രവേശനം മെറ്റൽ ഡിറ്റക്ടർ വഴി നിയന്ത്രിച്ചിട്ടുണ്ട്. പരിശോധനകളിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി സംബന്ധിച്ചു.
ജില്ലാ കലക്ടറുടെ ചുമതലയിൽ നടക്കുന്ന എഫ്എൽസി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് തദ്ദേശ വകുപ്പ് അസി. ഡയറക്ടർ ടി.വി സുഭാഷിനെ ചാർജ് ഓഫീസറായി നിയോഗിച്ചു. 92 ഉദ്യോഗസ്ഥരെയാണ് പരിശോധനകൾക്കായി നിയോഗിച്ചിട്ടുള്ളത്.
Kannur