തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേരള സർക്കാർ ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി 'മെഡിസെപ്' രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നൽകി. ഇതോടെ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100 ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ കറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന രണ്ടു ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator- 6 lakh, ICD Dual Chamber- 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.പദ്ധതിയിൽ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകൾ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി രണ്ടു വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വെയ്ക്കണം.
അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ ഒരു ശതമാനം വരെ മുറി വാടക (5000/day). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ. സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.

Government medical insurance for government employees and pensioners