കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. മൂന്നുമാസം പ്രായമായ കുഞ്ഞിനാണ് രോഗം ബാധിച്ചത്. 13 ദിവസമായി കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടരുകയാണ്. വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സംശയം.
അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. അമീബിക് മസ്തിഷ്‌കജ്വരമെന്ന സംശയം തോന്നുകയും പരിശോധനയില്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുകയുമായിരുന്നു. കുട്ടിയെ ഇപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് 49 വയസുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും ചികിത്സയില്‍ തുടരുകയാണ്.

രോഗികളുടെ വീട്ട് പരിസരത്തുള്ള കിണറുകളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തി വരികയാണ്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് താമരശ്ശേരിയില്‍ ഒരു കുട്ടി ഇതേ ആഴ്ച തന്നെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരിസരത്തുള്ള ജലാശയങ്ങളില്‍ കുളിക്കുന്നതിനും കിണര്‍ വെള്ളം കുടിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Ameebicatkozhikkod