തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക ആരോപണത്തിൽ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ക്രൈം ബ്രാഞ്ച് ഉടൻ ആരംഭിക്കും. 13 ഓളം പരാതികളാണ് ലഭിച്ചത്. ഈ പരാതിക്കാരിൽ നിന്ന് ആദ്യം മൊഴി രേഖപ്പെടുത്തും. ഇതിനുശേഷമാകും വെളിപ്പെടുത്തൽ നടത്തിയവരിൽ നിന്ന് വിവരങ്ങൾ തേടുക.
ഒരു യുവതിയെ ഗര്ഭഛിദ്രത്തിന് നിർബന്ധിച്ചതടക്കമുള്ള സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇവർക്ക് പരാതിയുണ്ടെങ്കിൽ കേസെടുത്ത് മുന്നോട്ടുപോകുന്നതിനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യം ചെയ്യുക. വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ് കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരിൽകണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടും. ആർക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കിൽ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസിൽ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവിൽ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. സ്ത്രീകളെ പിന്തുടർന്ന് നിരന്തരം ശല്യം ചെയ്തന്ന വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് നിലവിൽ കേസ് എടുത്തിട്ടുള്ളത്.
thiruvananthapuram