കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം മാറ്റാനുള്ള തീരുമാനം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നുവെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം ബി രാജേഷ്. മദ്യനയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിലും യോഗങ്ങളിലും ബാർ സമയമാറ്റം സംബന്ധിച്ച കാര്യങ്ങൾ പ്രതിപക്ഷ നേതാക്കൾക്കും അറിവുള്ളതായിരുന്നു.ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നേരത്തെ തന്നെയുണ്ടായിരുന്ന സമയക്രമം സംസ്ഥാനത്തുടനീളം ഏകീകരിക്കുക മാത്രമാണ് ചെയ്‌തതെന്നും ഇപ്പോൾ ഉയർത്തുന്ന വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം മേഖലയുടെ വികസനം മുൻനിർത്തിയാണ് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിച്ചത്. ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ല.എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ടൂറിസം വകുപ്പും തമ്മിൽ നടത്തിയ നിരന്തര ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഈ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും സുതാര്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ മദ്യനയത്തിൽ വെള്ളം ചേർക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്.ടൂറിസം രംഗത്ത് കേരളത്തിന് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനും വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇത്തരം പരിഷ്കാരങ്ങൾ ആവശ്യമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എന്നാൽ അവരുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുമെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.
Mbrajesh





































