ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതൽ ശക്തമാക്കി ഇറാൻ. ഇസ്രയേൽ, അമേരിക്ക സംയുക്ത ആക്രമണത്തിനുശേഷം ഇറാൻ ആദ്യഘട്ടത്തിൽ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം ഇപ്പോള്‍ അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്.
ഖമനെയിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാഖ് എര്‍ബിലിലെ യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി.
ശക്തമായ തിരിച്ചടി നൽകാനാണ് ഇറാന്‍റെ ശ്രമം. അതേസമയം, ഇറാനെതിരായ ഇസ്രയേൽ, അമേരിക്ക ആക്രമണവും തുടരുകയാണ്. വ്യോമാക്രമണത്തിലടക്കം ഇറാന് കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം.
അതേസമയം, ഖമനെയിയെ വധിച്ചതിൽ പ്രതിഷേധിച്ച് ടെഹ്റാനിൽ വൻ പ്രതിഷേധ റാലി നടന്നു. സ്ത്രീകളടക്കം പങ്കെടുത്ത റാലിയാണ് നടന്നത്. മറ്റു രാജ്യങ്ങളിലും പ്രതിഷേധം നടന്നു.
ഇന്ത്യയിൽ കശ്മീരിലും ഖമനെയിയുടെ മരണത്തിൽ പ്രതിഷേധ റാലി നടന്നു. ഖമനെയിയുടെ ചിത്രം കയ്യിലേന്തി കശ്മീരിൽ പ്രതിഷേധം നടന്നു. ഖമനെയിയെ കൊലപ്പെടുത്തിയെങ്കിലും പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
Iran steps up retaliation after Khamenei's assassination





































